മലപ്പുറം നഗരസഭയുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം
![](https://edappalnews.com/wp-content/uploads/2023/07/images-2.jpeg)
![](https://edappalnews.com/wp-content/uploads/2023/06/download-3-15-1024x1024.jpg)
മലപ്പുറം ∙ വാർഷിക പദ്ധതി രൂപീകരണവും അന്തിമമാക്കലും സർക്കാർ നടപടിക്രമങ്ങൾക്ക് അനുസൃതമായി വേണമെന്ന നിർദേശത്തോടെ മലപ്പുറം നഗരസഭയുടെ 2023–24 സാമ്പത്തിക വർഷത്തെ പദ്ധതി ഭേദഗതിക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണത്തിൽ വീഴ്ചയുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തിയ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. വയോജനങ്ങൾക്കു നഗരസഭ നൽകുന്ന പ്രീമിയം കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളിൽ, പരാതിക്കാരെ നേരിട്ടു കേട്ട് നഗരസഭാതലത്തിൽ തന്നെ പ്രശ്നം പരിഹരിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് നിർദേശം നൽകി.ഭിന്നശേഷി ഗ്രാമസഭ ചേർന്നതുമായി ബന്ധപ്പെട്ടടക്കം മലപ്പുറം നഗരസഭയുടെ 2023–24 വാർഷിക പദ്ധതി രൂപീകരണത്തിൽ പ്രതിപക്ഷത്തിന്റെയും വ്യക്തികളുടെയും ഭാഗത്തുനിന്ന് വ്യാപക പരാതികൾ ജില്ലാ ആസൂത്രണ സമിതിക്കു ലഭിച്ചിരുന്നു. കൗൺസിൽ യോഗങ്ങളുടെ അജൻഡ തയാറാക്കൽ, മീറ്റിങ് നോട്ടിസ് നൽകൽ, യോഗ മിനിറ്റ്സ് നൽകൽ എന്നിവയിൽ ചട്ടങ്ങൾ പാലിക്കുന്നില്ല, വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലെ തെറ്റായ സാമ്പത്തിക നയം കാരണം വാർഡുകൾ തമ്മിലുള്ള അസന്തുലിതാവസ്ഥ തുടങ്ങിയ പരാതികൾ ഡിപിസി ഹിയറിങ്ങിൽ പ്രതിപക്ഷ അംഗങ്ങൾ നൽകിയിരുന്നു. 40 വാർഡുകളിലെ മുൻഗണനാ പദ്ധതികൾ അനുസരിച്ചാണ് ഫണ്ട് വിതരണം ചെയ്യേണ്ടത് എന്നിരിക്കെ ഭരണസമിതി വാർഡുകളിലേക്ക് കൂടുതൽ പണം നൽകുന്നു എന്ന പരാതിയും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.പദ്ധതിനിർവഹണം നിയമപ്രകാരവും സർക്കാർ മാർഗനിർദേശപ്രകാരവും മാത്രമേ നടപ്പാക്കാവൂ എന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഡിപിസിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് ഹിയറിങ് സംഘടിപ്പിച്ചത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)