KERALA

മഴ, ദുരിതാശ്വാസം; നാളെയും അവധി! കുട്ടനാടിന് പിന്നാലെ കോട്ടയത്തും അവധി പ്രഖ്യാപിച്ചു, ഏറ്റവും പുതിയ വിവരങ്ങൾ

കോട്ടയം: സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപനം തുടരുന്നു. ഏറ്റവും ഒടുവിലായി നാളെ അവധി പ്രഖ്യാപിച്ചത് കോട്ടയം ജില്ലയിലാണ്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. നേരത്തെ കുട്ടനാട് താലൂക്കിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കുമടക്കം അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടറും അറിയിച്ചിരുന്നു.

കോട്ടയം കളക്ടറുടെ അറിയിപ്പ്

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ബുധനാഴ്ച (2023 ജൂലൈ 12) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി

ആലപ്പുഴ കളക്ടറുടെ അറിയിപ്പ്

കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം പൂർണ്ണമായും വെളളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും താലൂക്കിലെ മിക്ക സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നതിനാലും നാളെ (12/07/2023, ബുധൻ) കുട്ടനാട് താലൂക്കിൽ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെൻററുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പ്രകാരം ഈ മാസം 14 ാം തിയതിവരെ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് 3 ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button