തിരൂർ താഴെപ്പാലം അപ്രോച്ച് റോഡിലെ കുഴികൾ അടച്ചു
![](https://edappalnews.com/wp-content/uploads/2023/07/2017287-untitled-1.webp)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230509-WA0813-1536x1536-1-1024x1024.jpg)
തിരൂർ: കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം റോഡിൽ രൂപപ്പെട്ട കുഴി അടച്ച് അധികൃതർ ഗതാഗതം സുഗമമാക്കി. തിരൂർ താഴെപ്പാലം പുതിയ പാലത്തിനായി നിർമിച്ച അപ്രോച്ച് റോഡിലാണ് കുഴി രൂപപ്പെട്ടത്. ഇക്കാര്യം ‘മാധ്യമം’ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ.
തിരൂർ താഴെപ്പാലം അപ്രോച്ച് റോഡ്, ഈയടുത്ത് പണി പൂർത്തിയായ പുല്ലൂർ – വൈരങ്കോട് റോഡുകളിലാണ് വലിയതോതിൽ കുഴികൾ രൂപപ്പെട്ടത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരൂരിലെ താഴെപ്പാലവും അപ്രോച്ച് റോഡും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചത്. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് തർക്കങ്ങളെല്ലാം തീർത്ത് പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ നിർമാണം തീർത്ത് ഗതാഗതയോഗ്യമാക്കിയത്.
മഴ പെയ്ത് തുടങ്ങിയതോടെ റോഡിൽ രൂപപ്പെട്ട ചെറിയ കുഴികളെല്ലാം കുണ്ടുകളായി മാറുകയായിരുന്നു. ദിവസേനെ ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന റോഡ് പെട്ടെന്ന് തകർന്നത് ചർച്ചയായിരുന്നു. രണ്ട് റോഡുകളിലും ഗുണനിലവാരമില്ലാത്ത പ്രവൃത്തിയാണ് നടന്നതെന്നതിന്റെ തെളിവാണ് തകർച്ചയെന്ന് ആക്ഷേപം ശക്തമാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)