Local newsPONNANI

എം.എൽ.എ.യും സർക്കാരും പൊന്നാനി തീരത്തെ കൈവിട്ടു -പി.കെ. ഫിറോസ്

പൊന്നാനി: തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടും ഇടതുപക്ഷം കാണിക്കുന്ന അവഗണന തുടർന്നാൽ സമരം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.

പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച എം.എൽ.എ. ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർച്ചയായി ഇടതുപക്ഷത്തിന്റെ ജനപ്രതിനിധികളാണ് പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

കടൽ ഭിത്തിക്കുവേണ്ടി ബജറ്റിൽ കോടികൾ വാഗ്ദാനം ചെയ്യുകയല്ലാതെ തീരജനതയ്ക്കായി നടപ്പാക്കാൻ കഴിയുന്നൊരു പാക്കേജ് പോലും പ്രഖ്യാപിക്കാൻ ഇവിടുത്തെ ജനപ്രതിനിധിക്ക് കഴിയുന്നില്ലെന്ന് പി.കെ. ഫിറോസ് കുറ്റപ്പെടുത്തി.

തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി കടലോരജനതയ്ക്കു വേണ്ടി യാതൊന്നും ചെയ്യാനാവാതെ കേവലമൊരു ‘പുരാവസ്തു മന്ത്രിയായി’ മാറിയിരിക്കുകയാണ്. എം.എൽ.എ.യും സർക്കാരും പൊന്നാനി തീരത്തെ കൈവിട്ട സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി ജിം റോഡിൽനിന്ന് ആരംഭിച്ച ബഹുജനറാലി എം.എൽ.എ. ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബിയ്യം അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി.പി. യൂസഫലി, ജനറൽസെക്രട്ടറി സി.എം. യൂസഫ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ. കെ.എ. ബക്കർ, മണ്ഡലം ഭാരവാഹികളായ സി.കെ. അഷറഫ്, കെ.വി. റഫീഖ്, എ.എ. റഊഫ്, മുനീർ ചിറവല്ലൂർ, അഡ്വ. നിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

ponnaninews

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button