പൊന്നാനി നഗരസഭ പരിധിയിൽ മാലിന്യം വലിച്ചെറിയൽ ശ്രദ്ധയിൽപ്പെടുത്തിയാൽ 2500 പാരിതോഷികം


നഗരസഭ ചെയർമാൻ വിളിച്ചു ചേർത്ത വിവിധ ഓഫീസ് മേധാവി കളുടേയും സ്കൂൾ – കോളേജ് പ്രധാന അധ്യാപകരുടേയും, മെഡിക്കൽ ഓഫീസർമാരുടേയും യോഗത്തിലാണ് അതാത് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കുവാനും ആവശ്യമായ കർമ്മ പദ്ധതിയ്ക്ക് രൂപം നൽകിയത്.
അതനുസരിച്ച് വിദ്യാലയങ്ങളിൽ ശുചിത്വ അസംബ്ലി, രക്ഷാകർതൃ സംഗമങ്ങൾ , ബോധവല്‍ക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുവാനും മൈനർ ഇറിഗേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തോടുകളുടേയും, ജലാശയങ്ങളുടേയും ശുചീകരണ കർമ്മ പദ്ധതികൾ തയ്യാറാക്കും.
തെരുവിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടി കൂടി ശിക്ഷിക്കുന്നതിന് പോലീസ്, നഗരസഭാ ഹെൽത്ത് വിഭാഗം, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ രാത്രികാല പട്രോളിങ് ഏർപ്പെടുത്തുവാൻ തീരുമാനിച്ചു.

പൊതു തെരുവുകളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ഫോണിൽ ദൃശ്യങ്ങൾ പകർത്തി അറിയിക്കുന്നവർക്ക് 2500/- രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അത്തരം സാമൂഹ്യ വിരുദ്ധരെ കണ്ടെത്തുന്നതിന് പൊതുജന ങ്ങളുടെ സഹകരണം ഉറപ്പു വരുത്തുവാൻ തീരുമാനിച്ചു.
ഫിഷറീസ്, തീരദേശ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ തീരപ്രദേശത്ത് ബോധവല്‍ക്കരണ – ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഓഫീസുകളിൽ ജീവനക്കാർ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നും പ്ലാസ്റ്റിക്ക് ഉൽപനങ്ങൾ ഉപയോഗിക്കുന്ന ജീവനക്കാരെ കണ്ടെത്തി ആദ്യ ഘട്ടത്തിൽ താക്കീത് നൽക്കുവാനും പിഴ ചുമത്തുന്നതിനും ഓഫീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സന്‍ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻമാരായ ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, രജീഷ് ഊപ്പാല, ഡെപ്യൂട്ടി താഹസിൽദാർ സുരേഷ്, Dr. ആഷിക് അമൻ, അധ്യാപകരായ ബദറുന്നീസ , സുധ, തുടങ്ങിയവർ സംസാരിച്ചു.
ക്ലീൻസിറ്റി മാനേജർ സുബ്രഹ്മണ്യൻ സ്വാഗതവും, ഷീന സുദേശൻ നന്ദിയും പറഞ്ഞു.
