Local newsTHRITHALA

മാലിന്യനിര്‍മാര്‍ജനത്തിന് വ്യാപാരികളുടെ സഹകരണം അനിവാര്യം; മന്ത്രി എം.ബി രാജേഷ്

തൃത്താല: മാലിന്യനിര്‍മാര്‍ജനത്തിന് വ്യാപാരി വ്യവസായി സമൂഹത്തിന്റെ സഹകരണം അനിവാര്യമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മാലിന്യമുക്ത തൃത്താല പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരി-വ്യവസായി ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍സ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളില്‍ ബയോബിന്‍ സംവിധാനം വ്യാപാരികള്‍ ഏര്‍പ്പെടുത്തണം.
അജൈവ മാലിന്യങ്ങള്‍ വൃത്തിയാക്കി ഹരിതകര്‍മ്മ സേനയെ ഏല്‍പ്പിക്കണം. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഹൈക്കോടതിയുടെ നിര്‍ദ്ദേശമുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. മാലിന്യനിര്‍മാര്‍ജനത്തില്‍ എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത കേരളം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നാം ഘട്ടം ജൂണില്‍ സമാപിക്കുമ്പോള്‍ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. രണ്ടാംഘട്ടം ഡിസംബര്‍ 31നും മൂന്നാംഘട്ടം മാര്‍ച്ചിലും സമാപിക്കും. മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാറിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പൊതുസമൂഹത്തിന്റെയും വ്യാപാരികളുടെയും പിന്തുണ അനിവാര്യമാണ്. മാലിന്യനിര്‍മാര്‍ജന യജ്ഞത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ബോധവത്ക്കരണം കൊണ്ട് കാര്യമായ ഫലം ഉണ്ടാവാത്ത സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. ഹരിതകര്‍മ്മ സേന കൃത്യമായി എത്തി മാലിന്യം ശേഖരിക്കുന്നു എന്നത് പഞ്ചായത്തുകള്‍ ഉറപ്പാക്കണം. കടകളില്‍ നിന്നുള്ള മാലിന്യ ശേഖരണം ആഴ്ചയില്‍ ഒരു ദിവസമാകണം. നിലവില്‍ ഇത് മാസത്തിലൊരിക്കലാണ്.

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ഹരിത കര്‍മ്മ സേനയ്ക്ക് ഫീസ് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കേണ്ട വീടുകളെ തീരുമാനിക്കാനുള്ള അവകാശം ഗ്രാമസഭകള്‍ക്ക് മാത്രമാണ്. പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട് കത്തിക്കാന്‍ അനുവദിക്കില്ല. ഇത് ചെയ്യുന്നവര്‍ ജയിലിലാവും. പിഴയും അടക്കേണ്ടി വരും. കടകള്‍ക്ക് മുന്നില്‍ മാലിന്യം കാണുകയാണെങ്കില്‍ കട ഉടമകള്‍ പ്രതിയാവും. മാലിന്യ നിര്‍മാര്‍ജനത്തില്‍ സുല്‍ത്താന്‍ബത്തേരിയുടെ മാതൃക കണ്ടു പഠിക്കേണ്ടതാണ്. പ്രദേശത്തെ വ്യാപാരികള്‍ക്ക് സുല്‍ത്താന്‍ബത്തേരി സന്ദര്‍ശിച്ച് മാലിന്യനിര്‍മാര്‍ജനം പഠിക്കാന്‍ ആവശ്യമെങ്കില്‍ സൗകര്യം ഏര്‍പ്പെടുത്തും. ഓരോ പഞ്ചായത്തിലും തരംതിരിച്ച് മാലിന്യം തള്ളാവുന്ന ആവശ്യത്തിനുള്ള വേസ്റ്റ് ബിന്നുകള്‍ പഞ്ചായത്ത് ഉറപ്പാക്കണം. ഓരോ കടകളിലും ഇത് ഉറപ്പാക്കേണ്ടത് വ്യാപാരികളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. മാലിന്യനിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വ്യാപാരികള്‍ ഉറപ്പു നല്‍കി.

യോഗത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, മുന്‍ എം.എല്‍.എ വി.കെ ചന്ദ്രന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹരിത കര്‍മ്മ സേന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button