Local newsTHRITHALA

പാലക്കാട് എംഡിഎംഎ യുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎയുമായി യുവ നടൻ ഉൾപ്പെടെ രണ്ട് പേർ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റിൽ.
പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോൾ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആർപിഎഫ് ക്രൈം ഇന്റലിജൻസ് അറിയിച്ചു.

പിടിയിലായ ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നടനാകണമെന്നായിരുന്നു ആഗ്രഹം. വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ആദ്യം കഞ്ചാവ് ഉപയോ​ഗിച്ചു തുടങ്ങി പിന്നീട് എംഡിഎംഎയിലേക്ക് ചുവടുമാറി. ഉറക്കം വരാതിരിക്കാനാണ് പ്രണവ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോ​ഗിച്ചു തുടങ്ങിയത്. ഓട്ടോ മൊബൈൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു പ്രണവ്. ലഹരി വാങ്ങാൻ പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും കടത്തുകാരായത്. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് യുവാക്കളെ കാരിയർമാരാക്കിയത്. ഒരു യാത്രയ്‌ക്ക് 15,000 രൂപ പ്രതിഫലം. യാത്രാ ചെലവ് വേറെ.

ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൊത്തക്കച്ചവടക്കാർ എത്തിക്കുന്ന ലഹരി പട്ടാമ്പിയിലെ കടത്ത് സംഘമാണ് ശേഖരിക്കുന്നത്. തുടർന്ന് എംഡിഎംഎ വിൽപനക്കാരുമായി ഇടപാടുറപ്പിക്കും ഇതാണ് രീതി. ട്രെയിനിൽ ഒലവക്കോടിറങ്ങി പട്ടാമ്പിയിലേക്ക് ബസ് കയറാൻ ഒരുങ്ങുമ്പോഴാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് ഷൗക്കത്തലിയെയും പ്രണവിനെയും പിടികൂടിയത്. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി ട്രെയിനിലാണ് പ്രതികൾ ലഹരി കടത്താൻ ശ്രമിച്ചത്. ലഹരി സംഘങ്ങൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button