കെട്ടിടം നിർമ്മിച്ചിട്ടും കോടത്തൂർ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം. പെരുമ്പടപ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ കേന്ദ്രമാണ് പുതിയ കെട്ടിടം നിർമ്മിച്ച രണ്ട് വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ പൂട്ടിയിട്ടു കിടക്കുന്നത്. കോടത്തൂർ, കോതമുക്ക്, അയിരൂർ മേഖലയിലുള്ളവർ ആശ്രയിച്ചിരുന്ന ആരോഗ്യ ഉപ കേന്ദ്രമായിരുന്നു ഇത്.2018ലെ പ്രളയത്തെ തുടർന്നാണ് ആരോഗ്യ കേന്ദ്രം അപകടത്തിലാവുകയും പൊളിച്ചു മാറ്റുകയും ചെയ്തത്. ആഴ്ചയിൽ ഒരു ദിവസം കുത്തിവെക്കുന്നതിനു മുറിവ് കെട്ടുന്നതിനുമുള്ള മുറികളും ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള സൗകര്യവുമായിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന കെട്ടിടമാണ് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നതെങ്കിൽ പരിശോധനയ്ക്കും കുത്തിവെപ്പിന് മാത്രമുള്ള കെട്ടിടമാണ് 12 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്നത്.വയറിങ്ങും പ്ലംബിങ്ങും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ആരോഗ്യ ഉപ കേന്ദ്രത്തിന്റെ പ്രവർത്തനം നീണ്ടുപോയതോടെ കിലോമീറ്റർ ദൂരമുള്ള പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് അയിരൂരിലും കോടത്തൂരിലുമുള്ളവർ ചികിത്സയ്ക്കായി പോകുന്നത്. ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങാൻ വൈകുന്നതിൽ സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.