EDUCATION

സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാൻ ആലോചന

സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ചയും പ്രവർത്തി ദിനമാക്കാൻ സർക്കാർ ആലോചിക്കുന്നു. വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച കരട് അക്കാഡമിക് കലണ്ടറിലാണ് നിർദേശം. എന്നാൽ നിർദ്ദേശത്തിൽ എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. 220 പ്രവർത്തി ദിനങ്ങൾ ഉറപ്പാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു എന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.
ഇത് പ്രകാരമാണ് എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമാക്കാം എന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചത്. പുതിയ അക്കാഡമിക് കലണ്ടർ അനുസരിച്ച് ജൂൺ, സെപ്റ്റംബർ,ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മൂന്നു വീതം ശനിയാഴ്ചകൾ പ്രവർത്തി ദിവസമാകും. ജൂലൈ മാസത്തിൽ എല്ലാ ശനിയാഴ്ചയും ക്ലാസ് ഉണ്ടാകും. ഓഗസ്റ്റ്, നവംബർ,ഡിസംബർ മാസങ്ങളിൽ രണ്ട് ശനിയാഴ്ച വീതം പ്രവർത്തിക്കാനാണ് നിർദ്ദേശം. കരട് പ്രകാരം ഈ അധ്യയന വർഷം ആകെ 28 ശനിയാഴ്ചകളിൽ ക്ലാസ് നടത്താമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഉയർന്ന പഠന നിലവാരം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നാണ് സർക്കാർ നിലപാട്. എന്നാൽ ഇത് കുട്ടികളുടെ സമ്മർദ്ദം കൂട്ടാൻ കാരണമാകുമെന്ന് അധ്യാപക സംഘടനകൾ പറയുന്നു. ഇത്തരത്തിൽ എതിർപ്പുകൾ ഉയരുന്നതിനാൽ തന്നെ വിവിധ തലങ്ങളിൽ വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നുണ്ട്. അതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button