ENTERTAINMENT

ആശിർവാദിൽ ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല; ഈ ആഴ്ച പ്രദർശിപ്പിക്കാതിരുന്നത് സ്ലോട്ട് ഇല്ലാത്തതിനാലെന്ന് അധികൃതർ

നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസിൽ ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനമെടുത്തതായി സമൂഹമാധ്യമങ്ങളിൽ ചില കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ആശിർവാദ് ഡിസ്ട്രിബ്യൂഷൻ മാനേജർ ജയൻ പ്രതികരിച്ചു. സ്ലോട്ട് ഇല്ലാത്തതിനാലാണ് സിനിമ പ്രദർശിപ്പിക്കാൻ കഴിയാത്തത്. അല്ലാതെ സിനിമ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ജയൻ പ്രതികരിച്ചു.

ആശിർവാദിൽ പ്രദർശിപ്പിക്കേണ്ട സിനിമകളുടെ ചാർട്ട് ഫുളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്ലോട്ട് ഉണ്ടായിരുന്നില്ല. അടുത്ത ആഴ്ചയാണ് കമ്പനിക്കാരോട് പറഞ്ഞിരിക്കുന്നത്. കമ്പനിക്കാർ ചോദിച്ചപ്പോൾ ചാർട്ട് ഫുൾ ആയതിനാലാണ് എടുക്കാതിരുന്നത്. അതുകൊണ്ട് അടുത്ത ആഴ്ചയിലേക്ക് നീക്കി എന്ന് പറഞ്ഞു. അവർ ഓക്കെ പറഞ്ഞു. പ്രദർശിപ്പിക്കണ്ട എന്ന തീരുമാനം എടുത്തിട്ടില്ല. ഇനി ചാർട്ട് ചെയ്ത സിനിമ മാറിയാൽ വെള്ളിയാഴ്ച പ്രദർശിപ്പിക്കാനിരിക്കുകയാണ്. വെള്ളിയാഴ്ചകളിൽ മൂന്ന് ഷോസ് ആണ് അവർ കൊടുക്കുന്നത്. പക്ഷേ, ഇപ്പോൾ ഇറങ്ങിയ സിനിമകളെല്ലാം നന്നായി പോകുന്നുണ്ട്. പ്രദർശിപ്പിക്കില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു.

സ്നേഹസല്ലാപം എന്ന ട്വിറ്റർ ഹാൻഡിലാണ് ആദ്യം ഈ അവകാശവാദവുമായി രംഗത്തുവന്നത്. കേരള മൾട്ടിപ്ലക്സ് ശ്രംഖലകളിൽ ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിൽ നിന്ന് പിന്മാറിയത് ആശിർവാദ് മാത്രമാണ് എന്നായിരുന്നു ട്വീറ്റ്. ദേശീയ മൾട്ടിപ്ലക്സ് ശ്രംഖലയായ പിവിആർ കേരളത്തിലെ തങ്ങളുടെ തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കില്ല എന്ന് തീരുമാനിച്ചു. കാർണിവൽ, ഇനോക്സ്, സിനിപോളിസ്, ഷേണായ്സ്, ഏരീസ്പ്ലെക്സ് എന്നീ തീയറ്റുകളിൽ കുറച്ച് ഷോകൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു എന്നും ട്വീറ്റിലുണ്ടായിരുന്നു. ഈ ട്വീറ്റിൻ്റെ സ്ക്രീൻഷോട്ട് അടക്കം വിവിധ ട്രോൾ ഗ്രൂപ്പുകളിൽ ആശിർവാദിൻ്റെ നിലപാടിനെ പുകഴ്ത്തി ട്രോളുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button