പെരുന്നാൾ ദിനത്തിൽ തിരക്കിലമർന്ന് പൊന്നാനി കർമ റോഡ്
April 23, 2023
പൊന്നാനി: പെരുന്നാൾ ദിനം ആഘോഷിക്കാൻ ആളുകൾ നിളയോരത്തേക്കൊഴുകി. പുഴയോരപാതയായ കർമ റോഡിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രിയായതോടെ പലയിടത്തും ഗതാഗതം മുടങ്ങി.പൊന്നാനിയുടെ രുചിവൈവിധ്യങ്ങൾ നുകർന്നും ബോട്ടുസവാരി ചെയ്തും ഭാരതപ്പുഴയുടെയും അഴിമുഖത്തിന്റെയും സൗന്ദര്യം ആവോളം ആസ്വദിച്ചുമാണ് കർമ റോഡിലേക്ക് വിരുന്നെത്തിയവർ പെരുന്നാൾ ആഘോഷിച്ചത്. ബോട്ടുസവാരി കൂടാതെ എൻജിൻ ഘടിപ്പിച്ച വള്ളത്തിലും ആളുകളെ കയറ്റി യാത്ര നടത്തിയിരുന്നു. സവാരിക്കായി കുതിരകളെയും എത്തിച്ചിരുന്നു.ക്രമാതീതമായ തിരക്ക് അനുഭവപ്പെട്ടെങ്കിലും നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. ഉദ്ഘാടനം കഴിയാത്തതിനാൽ കർമ പാലത്തിനു മുകളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം അധികൃതർ തടഞ്ഞിരുന്നു. എന്നാൽ ആളുകൾക്ക് കാൽനടയായി പാലത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിന് തടസ്സങ്ങളില്ലായിരുന്നു. ചമ്രവട്ടം പാലം കടന്ന് ഒട്ടേറേ വാഹനങ്ങൾ എത്തിയതോടെ നരിപ്പറമ്പിലും ഗതാഗതക്കുരുക്കുണ്ടായി.