സ്വകാര്യ ബസ്സുകൾക്ക് ദീർഘദൂര സർവീസിന് താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകാൻ ഹൈക്കോടതിയുടെ അനുമതി നൽകിയതിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വൻ തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് കെ.എസ്.ആർ.ടി.സിയുടെ അവകാശം ഇല്ലാതാക്കുന്നു എന്നും വാദമുണ്ട്.ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ പെർമിറ്റുള്ള ബസ്സുടമകൾ നൽകിയ ഹർജിയിൽ ദീർഘദൂര സർവീസിന് സിംഗിൾ ബെഞ്ച് നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ ഹർജിയിൽ, സ്റ്റേ ഉത്തരവ് നൽകിയിരുന്നു. അതിനെതിരായ ഹർജിയിലാണ് പെർമിറ്റുള്ള സ്വകാര്യ ബസ്സുകൾക്ക് ഡിവിഷൻ ബെഞ്ച് ദീർഘദൂര സർവീസിന് അനുമതി നൽകിയത്. ഈ ഉത്തരവിനെതിരെയാണ് കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയെ സമീപിക്കുന്നത്.സ്വകാര്യ ബസ്സുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് ദൂരം അനുവദിക്കാത്ത വിധം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ആക്കി 2020 ജൂലൈയിലാണ് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് നേരത്തെ സ്വകാര്യ ബസ്സുടമകൾ ഹൈക്കോടതിയെ സമീപിച്ചത്.