ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു ;പുതിയ പാർട്ടി രൂപവൽക്കരിക്കാൻ തീരുമാനം


കോട്ടയം: ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും ഉന്നത അധികാര സമിതി അംഗത്വവും ഒഴിഞ്ഞു. ദേശീയതലത്തിൽ നിൽക്കുന്ന ഒരു മതേതര പാർട്ടി രൂപവൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വാർത്ത സമ്മേളനത്തിലാണ് പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.
വ്യക്തിപരമായ കാര്യങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകിയ കാലത്തുണ്ടായിരുന്ന സമീപനവും അംഗീകാരവും ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്ന് ആത്മ പരിശോധന ഉണ്ടാകുന്നത് നല്ലതാണെന്ന് ജോണി നെല്ലൂർ പ്രതികരിച്ചു. എന്നും കർഷകർക്കൊപ്പമാണെന്നും കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തുന്ന ഒരു ദേശീയ പാർട്ടിയാണ് ലക്ഷ്യമെന്നും, റബ്ബറിന്റെ വില 300 രൂപയെങ്കിലും വർധിപ്പിക്കണം എന്നാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റബ്ബറിന് ഇന്നും കാർഷിക ഉത്പന്നമായി പ്രഖ്യാപിച്ചിട്ടില്ല, കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർക്ക് വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന് ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പിന്തുണയുടെ പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം നിലനിൽക്കുകയാണ് ജോണി നെല്ലൂരിന്റെ പ്രഖ്യാപനം.നാഷണൽ പ്രോഗ്രസീവ് പാർട്ടി(എൻ. പി.പി) എന്നാണ് പുതിയ പാർട്ടിയുടെ പേര് എന്നാണ് ലഭിക്കുന്ന വിവരം
