പൊന്നാനിയെ മികച്ച ടൂറിസം കേന്ദ്രമാക്കും പി നന്ദകുമാർ എംഎൽഎ
April 12, 2023
പൊന്നാനി: പൊന്നാനിയെ മികച്ച ടൂറിസം കേന്ദ്രമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് പി നന്ദകുമാർ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊന്നാനിയുടെ സ്വപ്നപദ്ധതിയായ കപ്പൽ ടെർമിനൽ നിർമാണത്തിന്റെ പ്രാരംഭ നടപടി പൂർത്തിയായി. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഹാർബർ എന്‍ജിനിയറിങ് വകുപ്പ് സർക്കാറിന് കൈമാറിയിട്ടുണ്ട്. 50 കോടിയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ടൂറിസം വികസനത്തിന് വഴിയൊരുക്കുന്ന നിളയോരപാതയും അതിനോട് ചേർന്ന ഹാർബർ പാലവും 25ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. മാറഞ്ചേരി ആളം ദ്വീപ് പാലത്തിന്റെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിർമാണം പൂർത്തിയായ ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം 29ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊന്നാനി നഗരസഭയിലെ കടവനാട്ടെയും വെളിയങ്കോട്ടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിന്റെ ഉദ്ഘാടനം 17ന് നടക്കും. പൊന്നാനി ഈശ്വരമംഗലത്തെ മൃഗാശുപത്രി കെട്ടിടം മെയ് 13ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുമെന്നും റസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എംഎൽഎ പറഞ്ഞു.