മകൻ്റെ മനസ്സ് നിറയെ പ്രതികാരമായിരുന്നു, അതായിരുന്നു എന്റെ ഏറ്റവും വലിയ ആശങ്ക’; കെ.കെ രമ
![](https://edappalnews.com/wp-content/uploads/2022/05/TP-Chandrasekharan-and-KK-Rema-3.jpg)
![](https://edappalnews.com/wp-content/uploads/2023/03/IMG-20230224-WA0013-1024x1024.jpg)
കൊലപാതകം ആസൂത്രണം ചെയ്തവർ ശിക്ഷിക്കപ്പെട്ടാലേ ടി.പി ചന്ദ്രശേഖരന് നീതി ലഭിക്കൂ എന്ന് ടി.പിയുടെ വിധവ കെ.കെ രമ. പി ജയരാജൻ, പിണറായി വിജയൻ, എളമരം കരീം എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. കൊല്ലപ്പെട്ടതിന് ശേഷവും ടി.പിയെ കുലംകുത്തിയെന്ന് പിണറായി വിളിച്ചത് ഗൂഢാലോചനയില് പങ്കുണ്ടെന്ന സംശയം ശരിവയ്ക്കുന്നതാണെന്നും വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ രമ പറഞ്ഞു. ഭർത്താവിന്റെ കൊലപാതകം, പിന്നീടുള്ള പോരാട്ടങ്ങൾ, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ എന്നിവയെക്കുറിച്ച് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെ.കെ രമ.
ടിപിയുടെ കൊലപാതകം കേരള സമൂഹത്തിന്റെ പൊതുബോധത്തെ ഞെട്ടിച്ചു. അന്വേഷണത്തിൽ പല തലങ്ങളിലും വീഴ്ചയുണ്ടായിട്ടുണ്ട്. പക്ഷേ, ചിലരെങ്കിലും ശിക്ഷിക്കപ്പെട്ടത് യുഡിഎഫ് അധികാരത്തിലിരുന്നതുകൊണ്ടാണ്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് തെളിഞ്ഞിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലിരുന്നതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ സിപിഎമ്മിന് തക്ക മറുപടി നൽകിയപ്പോൾ ഒരു പരിധി വരെ നീതി ലഭിച്ചു. എന്നാൽ കൊലപാതകം ആസൂത്രണം ചെയ്തവർ ശിക്ഷിക്കപ്പെട്ടാലേ ടിപിക്ക് നീതി ലഭിക്കൂ എന്നും കെ.കെ രമ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരമില്ലാതെ ഒരാളെ കൊല്ലാൻ രണ്ട് ജില്ലാ കമ്മിറ്റികൾ കൈകോർക്കില്ല. ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെപ്പോലെ പി മോഹനനും കുറ്റക്കാരനായിരുന്നു. എന്തിനാണ് കോടതി വിട്ടയച്ചതെന്ന് അറിയില്ല. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷവും പിണറായി വിജയൻ ടി.പിയെ കുലംകുത്തിയെന്ന് ആവർത്തിച്ചു വിളിച്ചു. കൊലപാതകത്തിന് ശേഷവും അത് അവർത്തിക്കണമെങ്കിൽ വിജയൻ്റെ മനസ്സിൽ എത്ര വെറുപ്പുണ്ടാകും? സാധാരണ ആരും കൊലചെയ്യപ്പെട്ട ഒരാളെ കുറിച്ച് ഇങ്ങനെ പറയില്ല. അത് മാത്രം മതി അയാൾക്ക് ഇതിൽ പങ്കുണ്ടെന്ന് വിശ്വസിക്കാനെന്നും രമ കൂട്ടിച്ചേർത്തു.
മകൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴായിരുന്നു കൊലപാതകം. അവൻ്റെ മനസ്സ് നിറയെ പ്രതികാരമായിരുന്നു, അതായിരുന്നു എന്റെ ഏറ്റവും വലിയ ആശങ്ക. അവന് പ്രതികാരം ചെയ്യണമായിരുന്നു. ആ ചിന്താഗതിയിൽ നിന്ന് അവനെ തിരിച്ചു കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു. എന്നാൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല എന്ന വേദന അവനുമുണ്ട്. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഞാൻ എതിരാണ്. സിപിഎമ്മായാലും കോൺഗ്രസായാലും ബിജെപിയായാലും അത് തെറ്റാണ്. സഖാവ് കെ.വി സുധീഷ് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൊല്ലപ്പെട്ടപ്പോഴുണ്ടായ വേദന ഇന്നും മനസ്സിലുണ്ട്. ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ടപ്പോഴും അതുതന്നെ. രാഷ്ട്രീയത്തിന്റെ പേരിൽ ആരും കൊല്ലപ്പെടരുതെന്നും രമ വ്യക്തമാക്കി.
യുഡിഎഫിന്റെ സ്ത്രീ പ്രാതിനിധ്യ നിലപാടിനെയും രമ വിമർശിച്ചു. യുഡിഎഫിന്റെ വനിതാ എംഎൽഎമാരുടെ എണ്ണം വളരെ കുറവാണ്. കഴിവുള്ള വനിതകൾ ഇല്ലാത്തതുകൊണ്ടല്ല, യുഡിഎഫിലെ പാർട്ടികൾ സ്ത്രീകൾക്ക് അവസരം നൽകാത്തത് കൊണ്ടാണ്. എൽഡിഎഫുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിൽ പുരുഷാധിപത്യമാണ്. കോൺഗ്രസിൽ ചേരിപ്പോരുണ്ട്. കോൺഗ്രസ് തിരുത്തിയില്ലെങ്കിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നേക്കുമെന്നും കെ.കെ രമ അഭിപ്രായപ്പെട്ടു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)