ഇടനിലക്കാരായി സ്ത്രീകളുടെ സംഘം; കൊറിയർ വഴിയും ആവശ്യക്കാരിലേക്ക്; ലോക്ഡൗൺ മറവിൽ ലഹരിക്കടത്ത് സംഘം സജീവം;മലപ്പുറത്ത് കത്രിക പൂട്ടിട്ട് എക്സൈസ് സംഘവും

മലപ്പുറം: ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ലഹരിക്കടത്തിന് കുറവില്ല. ഒരുമാസത്തിനിടെ 173 കിലോ കഞ്ചാവാണ് എക്സൈസും പൊലീസും നടത്തിയ സംയുക്ത പരിശോധനയില്‍ മാത്രം പിടികൂടിയത്. 90 ഗ്രാം മയക്കുമരുന്ന്, 41 ലിറ്റര്‍ ചാരായം, മാഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെത്തിയ 54 ലിറ്റര്‍ മദ്യം എന്നിവ പിടികൂടി. 77 അബ്കാരി കേസുകളും 19 എന്‍.ഡി.പി.ആര്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം തുടക്കത്തില്‍ തന്നെ 50 കിലോയോളം കഞ്ചാവ് പിടികൂടി. ആന്ധ്ര, ഒറീസ, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സൂക്ഷിച്ച ശേഷം പച്ചക്കറി, ചരക്ക് ലോറികളുടെ മറവില്‍ ജില്ലയിലേക്ക് കടത്തുകയാണ്.
ലോക്ക് ഡൗണില്‍ അവശ്യസാധനങ്ങളുടെ ചരക്കുകടത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ചെക്‌പോസ്റ്റുകളിലടക്കം കാര്യമായ പരിശോധനയും നടന്നിരുന്നില്ല. ഇത് ലഹരിമാഫിയ അവസരമാക്കി. കിലോയ്ക്ക് 1000 രൂപയ്ക്കുള്ളില്‍ ലഭ്യമാവുന്ന കഞ്ചാവ് ഇടനിലക്കാര്‍ മുഖേന കൈമറിഞ്ഞ് ജില്ലയില്‍ എത്തുമ്പോള്‍ വില അരലക്ഷം കടക്കും. ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് സിന്തറ്റിക്ക് ലഹരികള്‍ പ്രധാനമായും ജില്ലയില്‍ എത്തിക്കുന്നത്.
പരിശോധന മറികടക്കാന്‍ കൊറിയര്‍ വഴി ലഹരി മരുന്നുകള്‍ കടത്തുന്നതും വ്യാപകമായിട്ടുണ്ട്. സ്ത്രീകളുടെ സംഘത്തെ ഇടനിലക്കാരാക്കി ഇവരുടെ പേരില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പുസ്തകങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ മറവില്‍ പാര്‍സലായി ലഹരി മരുന്ന് അയക്കുകയും ഏജന്റുമാര്‍ പിന്നീട് ഇവ കൈപ്പറ്റുകയും ചെയ്യും. കൊറിയര്‍ വഴി ലഹരി അയക്കുന്നതിനായി വലിയ റാക്കറ്റുകള്‍ തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതര്‍. പാഴ്സല്‍ സര്‍വീസുകള്‍ വഴി അയക്കുന്ന ഇത്തരം ലഹരിമരുന്നുകള്‍ കൈയോടെ പിടികൂടിയ സംഭവങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്. പലപ്പോഴും രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍സല്‍ ലഹരി എക്സൈസ് പിടികൂടുന്നത്.
“ലോക്ക്ഡൗണ്‍ കാലയളവില്‍ ലഹരിക്കേസുകളില്‍ വര്‍ദ്ധനവുണ്ട്. ലോക്ക്ഡൗണ്‍ മറയാക്കി ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ലഹരി ഉപയോഗം കുറയ്ക്കാന്‍ ഓണ്‍ലൈന്‍ ബോധവത്ക്കരണം നടത്തുന്നുണ്ട്”; അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍, മലപ്പുറം.
