NATIONAL
ജാമിയ സംഘർഷം; ഷർജീൽ ഇമാമിനെ കോടതി വെറുതെവിട്ടു
ജാമിയ സംഘർഷം; ഷർജീൽ ഇമാമിനെ കോടതി വെറുതെവിട്ടു
ജാമിയയിൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമിനെ ഡൽഹി സാകേത് കോടതി വെറുതെവിട്ടു. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാൽ തൻഹയേയും കോടതി കുറ്റവിമുക്തനാക്കി.
2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്തത്. 2021ൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിയമവിരുദ്ധമായ സംഘം ചേരൽ, കലാപം, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.
അതേസമയം 2020-ലെ ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ട ഷർജീൽ ഇമാം ഇപ്പോൾ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയിൽ ഷർജീലിന് പങ്കുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഈ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ഷർജീലിന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ.