ചിക്കൻ ബിരിയാണി റെഡി’ നീണ്ട ക്യൂ’; വാക്കുപാലിച്ച് അര്‍ജന്റീന ആരാധകനായ ഹോട്ടലുടമ
അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന് പിന്നാലെ വാക്ക് പാലിച്ച് അര്‍ജന്റീനയുടെ ആരാധകനായ ഹോട്ടലുടമ. ഇന്ന് രാവിലെ 11.30 മുതല്‍ ഹോട്ടലില്‍ ബിരിയാണി വിതരണം ആരംഭിച്ചു. വിദ്യാര്‍ഥികളടക്കമുള്ളവരുടെ നീണ്ട ക്യൂവാണ് ഹോട്ടലിന് മുന്നിലുള്ളത്.ആഘോഷത്തിന്റെ ഭാഗമാകാൻ ഷാഫി പറമ്പിൽ എംഎൽഎയും എത്തി.
തൃശുര്‍ പള്ളിമൂലയിലെ ‘റോക്ക്‌ലാന്‍ഡ്’ ഹോട്ടലുടമയായ ഷിബുവാണ് അര്‍ജന്റീന ലോകകപ്പ് നേടിയാല്‍ സൗജന്യമായി ബിരിയാണി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. അര്‍ജന്റീന കപ്പടിച്ചതോടെ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഷിബു.
ഞായറാഴ്ച രാത്രി ഖത്തറില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയതിന് പിന്നാലെ തൃശുര്‍ പള്ളിമൂലയിലെ ഹോട്ടലില്‍ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ആയിരംപേര്‍ക്ക് സൗജന്യമായി ബിരിയാണി നല്‍കുമെന്നായിരുന്ന കടുത്ത അര്‍ജന്റീന ആരാധകനായ ഷിബുവിന്റെ പ്രഖ്യാപനം.
എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍തന്നെ നിരവധിപേര്‍ ഹോട്ടലിന് മുന്നിലെത്തി. 11 മണിയായതോടെ ഇത് നീണ്ട ക്യൂവായി മാറി. എത്രപേര്‍ വന്നാലും കുഴപ്പമില്ല, എല്ലാവര്‍ക്കും ബിരിയാണി നല്‍കുമെന്നാണ് ഷിബു പറയുന്നത്.