ലോകകപ്പ് വേദിയിൽ സമാധാനത്തിന്റെ സന്ദേശം പങ്കുവയ്ക്കണമെന്ന സെലൻസ്കിയുടെ ആവശ്യം തള്ളി ഫിഫ
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-18-08-57-35-703_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/FB_IMG_1669957840187-1024x1024.jpg)
ലോകകപ്പ് വേദിയിൽ സമാധാനത്തിന്റെ സന്ദേശം പങ്കുവയ്ക്കണമെന്ന യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുടെ ആവശ്യം തള്ളി ഫിഫ. ഖത്തറിൽ മത്സരം നടക്കുന്നതിനിടെ ലോക സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള തന്റെ വിഡിയോ സന്ദേശം സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു സെലൻസ്കിയുടെ ആവശ്യം. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ലോകശ്രദ്ധ നേടുന്ന വേദികളിലെല്ലാം സമാധാനത്തിന്റെ സന്ദേശവുമായി സെലൻസ്കി എത്തും. ഗ്രാമി അവാർഡ്സ്, കാൻസ് ഫിലിം ഫെസ്റ്റിവൽ, ജി-20 ഉച്ചകോടി എന്നിവയിലെല്ലാം സമാധാനാഹ്വാനം ഉന്നയിക്കണമെന്ന ആവശ്യവുമായി സെലൻസ്കി എത്തിയിരുന്നു.
എന്നാൽ രാഷ്ട്രീയ പ്രശ്നങ്ങളേയും നിലപാടുകളേയും ഖത്തറിലെ ലോകകപ്പ് വേദിക്ക് പുറത്ത് നിർത്താനാണ് ഫിഫ താത്പര്യപ്പെടുന്നത്. എൽജിബിടിക്യു വിഭാഗത്തിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി വൺ ലൈ ആം ബാൻഡ് ധരിക്കുന്നതിൽ നിന്ന് ടീം അംഗങ്ങളെ ഫിഫ വിലക്കിയതിനെതിരെ ജർമനി വായ പൊത്തി പ്രതിഷേധിച്ച് ലോകശ്രദ്ധ നേടിയിരുന്നു.
ലോകകപ്പ് വേദിയിൽ റെയിൻബോ ഫ്ളാഗ് വീശുന്നതിനും വിലക്കുണ്ട്. എന്നാൽ പലസ്തീനിയൻ പതാകയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നില്ല. ഫുട്ബോൾ ആരാധകർ പലസ്തീനിയൻ കൊടി വീശുന്നത് കാണാമായിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)