ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് നഷ്ടമായെന്ന് പരാതി
![](https://edappalnews.com/wp-content/uploads/2022/12/IMG-20221216-WA0059.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221107-WA04791-682x1024.jpg)
എടപ്പാൾ:അധികൃതരുടെ അനാസ്ഥയിൽ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് നഷ്ടമായതായി പരാതി. വട്ടംകുളം പഞ്ചായത്തിലെ 17–ാം വാർഡിലെ മൂതൂർ വെള്ളറമ്പിൽ 5 വർഷമായി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ താമസിക്കുന്ന പുലാക്കൂട്ടത്തിൽ ആയിഷയ്ക്ക് ആണ് വീട് നഷ്ടമായത്. 4 വർഷം മുൻപ് ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയിരുന്നു. അർഹരുടെ ലിസ്റ്റിൽ പേര് വരികയും ചെയ്തു. ഗ്രാമസഭാ യോഗത്തിലെ ലിസ്റ്റിൽ പ്രഥമ പരിഗണന നൽകി ഒന്നാമതായി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ ഉദ്യോഗസ്ഥർ പരിശോധനക്ക് വന്നപ്പോൾ സമാന പേരിലുള്ള മറ്റൊരു വീട്ടിൽ പരിശോധിച്ച് അവർക്കു വാസയോഗ്യമായ വീട് ഉള്ളതുകൊണ്ട് ആ വിവരം ഇവരുടെ പേരിന് നേരെ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് അന്വേഷണം നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വീട് നഷ്ടമായതായി അറിഞ്ഞത്. നിലവിൽ ഇവരുടെ അർഹതാ ലിസ്റ്റ് 18 ആണ്.
പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥർ വീട്ടു നമ്പർ, റേഷൻ കാർഡ് എന്നിവ പരിശോധിച്ചിരുന്നെങ്കിൽ ഈ തെറ്റ് ഒഴിവാക്കാമായിരുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഈ കുടിലിൽ ഇനിയും എത്രനാൾ കഴിയേണ്ടി വരുമെന്ന ആശങ്കയിലാണ് ഇവർ. ബന്ധപ്പെട്ടവർ പുനഃപരിശോധന നടത്തി തെറ്റ് തിരുത്തി വീടിന് അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)