EDAPPALLocal news

കണ്ടനകത്ത് ദീർഘദൂര ബസ് നിയന്ത്രിക്കാൻ രണ്ടുപേർ; ധൂർത്തെന്ന് ആക്ഷേപം

എടപ്പാൾ ∙ കണ്ടനകം കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ദീർഘദൂര ബസുകൾ നിയന്ത്രിക്കാൻ ഇൻസ്പെക്ടർ പോസ്റ്റിലുള്ള രണ്ടുപേരെ നിയോഗിച്ചത് ധൂർത്താണെന്ന് ആക്ഷേപം ഉയരുന്നു. കോഴിക്കോട് – തൃശൂർ റൂട്ടിൽ കടന്നുപോകുന്ന എല്ലാ കെഎസ്ആർടിസി ബസുകളും ഇവിടെ നിർത്തി യാത്രക്കാരെ കയറ്റണമെന്ന നിർദേശം നൽകാനാണ് കഴിഞ്ഞ ദിവസം മുതൽ രണ്ടുപേരെ നിയോഗിച്ചിട്ടുള്ളത്.

എംഡി തലത്തിൽ ഒരു ഉത്തരവിട്ടാൽ നടപ്പിലാകുന്ന കാര്യത്തിനായി സാമ്പത്തിക ബാധ്യതയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയിൽ ഇത്തരത്തിൽ ആളുകളെ നിയോഗിക്കുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. രാവിലെ 6 മുതൽ 2 വരെ ഒരാളെയും 2 മുതൽ രാത്രി 10 വരെ മറ്റൊരാളെയുമാണ് ഈ രീതിയിൽ നിയമിച്ചിട്ടുള്ളത്. ഒരു മാസം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ഇവർക്ക് ലഭിച്ച നിർദേശം.

ഇതുവഴി പോകുന്ന ബസുകൾ തടഞ്ഞു നിർത്തി ഇവിടെ നിർത്തി പോകണമെന്ന് നിർദേശം നൽകുക മാത്രമാണ് ഇവരുടെ ചുമതല. വർഷങ്ങൾക്ക് മുൻപുവരെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ നിന്ന് സാമ്പത്തിക ബാധ്യതയുടെ കാരണം പറഞ്ഞ് ഉദ്യോഗസ്ഥരെ മാറ്റിയതോടെ പ്രവർത്തനം നിലച്ചിരുന്നു. ഇതിനിടെ ശുചിമുറിയും അടച്ചിട്ടു. ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന സംവിധാനം നിലച്ചതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button