ലോകകപ്പ്: നാളെ മുതൽ മാച്ച് ടിക്കറ്റില്ലാത്തവർക്കും ഖത്തറിലെത്താം
ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ മാച്ച് ടിക്കറ്റില്ലാത്ത കാണികൾക്കും ഖത്തറിലേക്ക് പ്രവേശനം അനുവദിച്ച് അധികൃതർ.
വെള്ളിയാഴ്ച മുതൽ മാച്ച് ടിക്കറ്റില്ലാത്ത കാണികൾക്ക് ഹയ്യാകാർഡ് വഴി ഖത്തറിലെത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലോകകപ്പ് അക്കമഡേഷൻ പോർട്ടൽ വഴി ഹോട്ടൽ ബുക്കിങ്ങ് ഉറപ്പാക്കുകയും 500 റിയാൽ ഫീസ് അടക്കുകയും ചെയ്ത് ഹയ്യാ കാർഡിന് (https://hayya.qatar2022.qa/) അപേക്ഷിക്കാവുന്നതാണ്. ഹയ്യാ അംഗീകാരം ലഭിക്കുന്നതോടെ, ഇ-മെയിൽ വഴി ലഭിക്കുന്ന എൻട്രി പെർമിറ്റ് സഹിതം ഖത്തറിൽ പ്രവേശിക്കാം. 12 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് എൻട്രി ഫീസായ 500 റിയാൽ അടക്കേണ്ടതില്ല. https://www.qatar2022.qa/book എന്ന ലിങ്ക് വഴിയാണ് താമസ ബുക്കിങ് നടത്തേണ്ടത്.
ഇതുവരെ, മാച്ച് ടിക്കറ്റുള്ള കാണികൾക്ക് മാത്രമായിരുന്നു ഹയ്യാ കാർഡ് അനുവദിച്ചിരുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച രാത്രിയിലെ ബ്രസീൽ-കാമറൂൺ, സെർബിയ-സ്വിറ്റ്സർലൻഡ് മത്സരത്തോടെ അവസാനിക്കും. ശനിയാഴ്ച മുതലാണ് പ്രീക്വാർട്ടർ അങ്കങ്ങൾ ആരംഭിക്കുന്നത്.