വളർത്തു നായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തതായി പരാതി
വളർത്തു നായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത് ക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ് സംഭവം. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിന് നേരെയാണ് ഈ രീതിയിൽ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച മുതൽ നായയെ കാണാതായിരുന്നു. പിന്നീട് ഇന്നലെ രാത്രിയാണ് നായ വീടിന് പരിസരത്തേക്ക് മടങ്ങിയെത്തിയത്. അപ്പോഴാണ് കണ്ണുകൾ ചൂഴ്ന്നെടുത്തതായി കണ്ടത്. പട്ടാമ്പി പൊലീസിൽ ദുർഗാ മാലതി പരാതി നൽകി.
ആരാണ് ചെയ്തതെന്ന് അറിയില്ലെന്ന് ദുർഗാ മാലതി പറഞ്ഞു. എന്നാൽ മനുഷ്യർ തന്നെയാണ് ചെയ്തതെന്ന് ഉറപ്പാണ്. നായ ആരെയും ഇതുവരെ കടിച്ചിട്ടില്ല. അതിനാൽ തന്നെ പ്രത്യേകിച്ച് ശത്രുതയുടെ ആവശ്യമില്ലെന്നും അവർ പറഞ്ഞു.
നായയെ കാണാതായത് മുതൽ പലയിടത്തും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നായക്ക് പ്രാഥമിക ചികിത്സ നൽകി. ഇന്ന് മണ്ണൂത്തിയിലേക്ക് നായയെ കൊണ്ടുപോകും. ഇവിടെ വെച്ച് വിദഗ്ദ്ധ ചികിത്സ നൽകും.