വിദ്യാർത്ഥികൾക്ക് ഹാൻസ് വില്പന; രണ്ടുപേർ അറസ്റ്റിൽ
സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വിൽപ്പന നടത്തുന്നതിനിടെ സൂക്ഷിച്ചുവെച്ച പാക്കറ്റുകളുമായി രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശി ചേനാംവീട്ടിൽ ഷാഹുൽ ഹമീദ്(36), നിറമരുതൂർ സ്വദേശി തോലന്റകത്ത് ഓണം കോട്ടുകാവിൽ അഷ്റഫ്(50) എന്നിവരാണ് പിടിയിലായത്. സുഹൃത്തുക്കൾ ഹാൻസ് പാക്കറ്റുകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത് ചില വിദ്യാർത്ഥികൾ പോലീസിന് വിവരം നൽകുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. തിരൂർ ഫയർസ്റ്റേഷൻ സമീപത്തെ പെട്ടിക്കടയിലാണ് ഷാഹുൽ ഹമീദ് വിൽപ്പന നടത്തിയിരുന്നത്. വിൽപ്പനയ്ക്കുള്ള ഹാൻസ്
ശേഖരം സൂക്ഷിച്ചുവച്ചിരുന്നത് അഷ്റഫിന്റെ മാർക്കറ്റിലെ കടയിലുമായിരുന്നു. കടയിൽ നിന്നും നുറ്റിയമ്പത് പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജിഷിൽ.വി, സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒ മാരായ അരുൺ, ദിൽജിത്ത് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.