NATIONAL


അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കാൻ നടപടികൾ ആരംഭിച്ചു

രാജ്യത്തെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ അമുലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ എന്ന സഹകരണ സ്ഥാപനത്തെ  മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന് അമിത് ഷാ അറിയിച്ചു. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ 70-ാമത് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.  ലയനത്തിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധനയാണ് ലക്ഷ്യമിടുന്നത്. ലാഭം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നും അമിത് ഷാ പറഞ്ഞു. ആഭ്യന്തര വിപണിയിലെ ആവശ്യം മാത്രമല്ല, അയൽരാജ്യങ്ങളുടെയും പാൽ ലഭ്യത ഉറപ്പാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ പാൽ ഉത്പാദനം ഇരട്ടിയാക്കും. ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാൽ എത്തിക്കാൻ പദ്ധതിയുണ്ടെന്നും ലോക വിപണിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള പാൽ എത്തിക്കാൻ ഒരു മൾട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സ്ഥാപിക്കുകയാണ് എന്നും അത് കയറ്റുമതി കേന്ദ്രമായി പ്രവർത്തിക്കും എന്നും അമിത് ഷാ പറഞ്ഞു. 

ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ എന്ന സഹകരണ സ്ഥാപനമാണ് അമൂൽ എന്ന ബ്രാന്റിൽ പാലും ക്ഷീരോൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത്. അടുത്തിടെ അമുൽ സഹകരണ പ്രസ്ഥാനം അതിന്റെ 75-ാം വാർഷികം ആഘോഷിച്ചിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ അമുലിന്റെ പാൽ സംഭരണത്തിൽ 190 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഒപ്പം പാൽ സംഭരണ ​​വില 143 ശതമാനം വർധിച്ചിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button