നവീകരണ ശ്രമങ്ങളെല്ലാം പാഴാകുന്നു; വികസനം അട്ടിമറിച്ച് ഇടപെടലുകൾ


പൊന്നാനി: അങ്ങാടി വികസനം അട്ടിമറിക്കപ്പെട്ടത് നാലാം തവണ. തുറമുഖ നഗരത്തിന്റെ തലവരമാറ്റാൻ വിവിധ സർക്കാരുകൾ ശ്രമം നടത്തിയിട്ടുണ്ട്. ഇതിൽ ആദ്യത്തേത് 1954ൽ ആയിരുന്നു. പാലവും റോഡും വീതികൂട്ടി നിർമിക്കാൻ അന്ന് പദ്ധതിയിട്ടു. നടപടികളിലേക്കു കടന്നതോടെ ദുരൂഹമായ ഇടപെടലുകളെത്തി. വികസനം വഴിമാറിപ്പോയി. പിന്നീട്, 1992ൽ മരാമത്ത് വകുപ്പ് മുൻകയ്യെടുത്ത് വിപുലമായ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചു. അപ്പോഴും ഇടപെടലുകളുണ്ടായി ആ നീക്കവും ഉപേക്ഷിക്കപ്പെട്ടു.
1975ന് ശേഷം അങ്ങാടിയിലെ കുരുക്ക് ഒഴിവാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ ശ്രമം നടന്നു. 3 ദിവസം കൊണ്ട് പലരും റോഡരികിലേക്കുള്ള ഭാഗങ്ങൾ പൊളിച്ച് വികസനത്തിനൊപ്പം നിന്നെങ്കിലും അവിടെയും ഇടപെടലുകളുണ്ടായി പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ചു. ഏറ്റവുമൊടുവിലാണ് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് ശ്രമം നടത്തിയത്.
പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ ലിസ്റ്റ് വരെ തഹസിൽദാരുടെ നേതൃത്വത്തിൽ തയാറാക്കി. മുപ്പതോളം കടകൾക്ക് നഗരസഭ പൊളിക്കാൻ നോട്ടിസ് നൽകി. ഇൗ നീക്കത്തിനും ചിലർ തുരങ്കം വച്ചു. കടകൾക്ക് ലൈസൻസ് പുതുക്കി നൽകി പദ്ധതി പൊളിക്കാൻ നഗരസഭ തന്നെ മുന്നിൽ നിന്നതാണ് ഏറെ അതിശയം.
