KERALA

പാലക്കാട് ഹണി ട്രാപ്പ് തട്ടിപ്പിൽ കൂടുതൽ ഇരകൾ? പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ പൊലീസ്

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പിൽ പെടുത്തിയ കേസിലെ സൂത്രധാരൻ പാലാ സ്വദേശി ശരത് വേറെയും കേസുകളിൽ പ്രതി. മോഷണം, ഭവനഭേദനം അടക്കം പന്ത്രണ്ടോളം കേസുകളിൽ ശരത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ സാമൂഹിക മാധ്യമഅക്കൗണ്ടുകളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. സമാന രീതിയിൽ മറ്റാരെയെങ്കിലും പ്രതികൾ കെണിയിൽ കുടുക്കിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഇത്. 

2018ലെ പ്രളയ സമയത്താണ് പരാതിക്കാരനായ  ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ, കേസിലെ മുഖ്യപ്രതി ശരത് പരിചയപ്പെട്ടത്. വീട്ടിൽ വെള്ളം കയറിയപ്പോൾ ശരതിനും കുടുംബത്തിനും അഭയം നൽകിയത് വ്യവസായിയാണ്. അന്നത്തെ പരിചയത്തിലൂടെ ഒട്ടേറെ കാര്യങ്ങൾ ശരത് വ്യവസായിയെ കുറിച്ച് മനസ്സിലാക്കി. ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി പണം വാരിയെറിയാനുള്ള വ്യവസായിയുടെ മനസ്സറിഞ്ഞാണ് പിന്നീട് കെണിയൊരുക്കിയത്. ഇതിനായി ‘ഫിനിക്സ് കപ്പിൾ’ എന്ന ഇൻസ്റ്റയിലെ താരദമ്പതിമാരുടെ സഹായം തേടികയായിരുന്നു. 

ആർഭാട ജീവിതം തുടരാൻ കൂടുതൽ പണം കണ്ടെത്താൻ വഴി തേടിയിരുന്ന ദേവു-ഗോകുൽ ദമ്പതിമാർ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ  തേൻ കെണിയൊരുക്കാൻ ശരതിനൊപ്പം കൂടി. രണ്ടാഴ്ച കൊണ്ടാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം വീഴ്ത്തിയത്. രണ്ടു പേർ കൂടി പിടിയിലായതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. പിടിയിലായ ശരത്, ദേവു , ഗോകുൽ, വിനയ് ,അജിത്, ജിഷ്ണു എന്നിവർക്ക് പുറമെ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരാണ് പിടിയിലായത്.

വൻ സാമ്പത്തിക ലാഭമുണ്ടാക്കാമെന് ധരിപ്പിച്ച് ശരത്താണ് ഇവരെയൊക്കെ ഒപ്പം കൂട്ടിയത്. കഥ വിശ്വാസയോഗ്യമാക്കാൻ  പാലക്കാടും കൊടുങ്ങല്ലൂരുമായി ആഡംബര വീടുകൾ വാടകയ്ക്ക് എടുത്തു. ഹണിട്രാപ്പിൽ പെട്ടാൽ പരാതിപ്പെടാൻ മടിക്കും എന്നതായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. പക്ഷെ കെണി തിരിച്ചറിഞ്ഞ് യാത്രാമധ്യേ പരാതിക്കാരൻ മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ട് ഇറങ്ങി രക്ഷപ്പെട്ടതാണ് പ്രതികൾക്ക് തിരിച്ചടിയായത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button