അടയ്ക്കയ്ക്ക് വില കൂടി; കർഷകർക്ക് ആശ്വാസം
എടപ്പാൾ: അടക്കയ്ക്ക് വില കൂടിയത് കമുക് കർഷകർക്ക് ആശ്വാസം. നിലവിൽ 20 കിലോ പുതിയ അടക്കയ്ക്ക് 7600 രൂപ മുതൽ 8500 വരെ വില
ലഭിക്കുന്നുണ്ട്. വില ഉയർന്നതോടെ പല കർഷകരും അടയ്ക്ക് പൊളിച്ചു വിൽക്കാനുള്ള തിരക്കിലാണ്. അടക്കയ്ക്ക് വില കുറഞ്ഞത് കമുക് കർഷകരെ ആശങ്കയിൽ ആക്കിയിരുന്നു. ഇതിനിടെ ആണ് വില ഉയർന്നത്. അടക്കയ്ക്ക് താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തത് ഈ മേഖലയ്ക്ക് തിരിച്ചടിയാണ്.
വിലയിൽ സ്ഥിരത ഇല്ലാത്തതും കർഷകർക്ക് ഇരുട്ടടിയാണ്. കാലാവസ്ഥാ വ്യതിയാനവും കൂലി വർധനയും മൂലം പലരും കമുക് കൃഷിയിൽനിന്നു വിട്ടു നിൽക്കുന്ന അവസ്ഥയാണ്. പറിക്കാനും പൊളിക്കാനും ഉളള കൂലി നൽകിയാൽ കർഷകന് കിട്ടുന്നത് തുച്ഛം ലാഭം മാത്രം. നിലവിൽ കമുകിൻ തോട്ടങ്ങളിൽ മഹാളി രോഗത്തിന് മരുന്ന് തളിക്കുന്ന സമയമാണ്. ഈ മരുന്ന് സബ്സിഡി നിരക്കിൽ കൃഷി ഭവൻ മുഖേന വിതരണം ചെയ്യണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
പരമ്പരാഗത കർഷകരെ മാറ്റി നിർത്തിയാൽ ഈ മേഖലയിലേക്ക് പുതുതായി വരുന്നവരുടെ എണ്ണം വിരളമാണ്. നഷ്ടം മൂലം ഇവ വെട്ടിക്കളഞ്ഞ് വാഴയും മറ്റു കൃഷിയും ചെയ്യുന്നവരും ഏറെയാണ്. അതേസമയം പുതിയ ഇനം കമുകിൻ തൈകൾ നട്ട് പരീക്ഷണം നടത്തുകയാണ് ചില കർഷകർ.