എടപ്പാൾ: തെരുവുനായ ആക്രമണം വർധിക്കുമ്പോഴും ഒന്നും ചെയ്യാനാകാതെ തദ്ദേശ സ്ഥാപനങ്ങൾ. ഏക മാർഗമായി കരുതപ്പെട്ടിരുന്ന എബിസി (ആനിമൽ ബെർത്ത് കൺട്രോൾ) പരിപാടി മാസങ്ങളായി തുടരാനാകാത്തത് കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ കടുംപിടിത്തം കാരണം. വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ ഐവിഎ അടക്കം അപേക്ഷിച്ചിട്ടും സംസ്ഥാനത്തെ ഒറ്റ ഏജൻസിക്കും കേന്ദ്ര ബോർഡ് ലൈസൻസ് നൽകിയില്ല. ഇക്കാരണംകൊണ്ട് നിർവഹണ ഏജൻസിയെ ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.
തെരുവുനായ നിയന്ത്രണം അടക്കമുള്ള കാര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. ജില്ലാ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നടന്നിരുന്ന എബിസി പദ്ധതിയുടെ നിർവഹണം പ്രത്യേക സർക്കാർ ഉത്തരവ് വഴി കുടുംബശ്രീ അടക്കമുള്ള സംരംഭങ്ങൾ അടക്കമുള്ളവരാണ് നടത്തിയിരുന്നത്. എന്നാൽ തങ്ങളുടെ അനുമതിയില്ലാതെ ഇത്തരം ഏജൻസികളെ പ്രവർത്തനം ഏൽപിക്കരുതെന്നു കാണിച്ച് കേന്ദ്ര മൃഗക്ഷേമ ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു.
ഇതോടെ മലപ്പുറം ജില്ലയിൽ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്ന കുടുംബശ്രീ യൂണിറ്റിനു പോലും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് ലൈസൻസ് നേടാനുള്ള ശ്രമങ്ങളും ഇതുവരെ വിജയം കണ്ടിട്ടില്ല. ഇതോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ നിസ്സഹായരായി പോയത്.
മനസ്സുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ചെയ്യാനേറെ
എംഎസ്പിയുടെ മലപ്പുറം ആസ്ഥാന ക്യാംപിൽ തെരുവുനായ ആക്രമണമുണ്ടായപ്പോൾ ജില്ലാ വെറ്ററിനറി ആശുപത്രിയുടെ നേതൃത്വത്തിൽ പേവിഷ പ്രതിരോധ യജ്ഞം നടപ്പാക്കിയിരുന്നു. നിലമ്പൂരിൽ നിന്നെത്തിയ ദ്രുതരക്ഷാ സേന തെരുവുനായ്ക്കളെ പിടിച്ചു കൊടുക്കുകയും വെറ്ററിനറി ഡോക്ടർമാർ പ്രതിരോധ കുത്തിവയ്പ് നൽകുകയുമാണ് ചെയ്തിരുന്നത്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതി നടപ്പാക്കാൻ തടസ്സം നേരിടുമ്പോഴും ഇത്തരം വാക്സിനേഷൻ യജ്ഞങ്ങളിലൂടെ അപകടസാധ്യത കുറയ്ക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ആലോചിക്കാം.ഓരോ പഞ്ചായത്തുകളിലും അല്ലെങ്കിൽ നഗരസഭകളിലും തെരുവുനായ്ക്കളെ പിടിച്ചുകൊടുക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കാം.
അല്ലെങ്കിൽ നിലവിലെ സംവിധാനങ്ങളുടെ സഹായം തേടാം. തുടർന്ന് അതത് പ്രദേശങ്ങളിലെ വെറ്ററിനറി ആശുപത്രികൾ വഴി വാക്സിനേഷൻ നടപ്പാക്കാം. ഇതിനായി നിശ്ചിത പ്രദേശങ്ങളിൽ പ്രത്യേക ക്യാംപുകൾ സംഘടിപ്പിക്കാം.
നായ്ക്കൾ കൊന്നൊടുക്കിയത് 150 അലങ്കാരക്കോഴികളെ; കൃഷി ഉപേക്ഷിച്ച് കർഷകൻ
തെരുവുനായ്‌ക്കളുടെ ശല്യം സഹിക്ക വയ്യാതെ കർഷകൻ കോഴിവളർത്തൽ അവസാനിപ്പിച്ചു. പെരിന്തൽമണ്ണ ജൂബിലി റോഡിലെ ചേനാടൻ അസൈനുവാണ് കോഴിക്കൃഷിയിൽ നിന്ന് പിന്മാറിയത്. മാസങ്ങൾക്ക് മുൻപ് അസൈനുവിന്റെ കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്ന് നൂറ്റൻപതോളം മുന്തിയ ഇനം അലങ്കാര കോഴികളെയാണ് തെരുവു നായ്‌ക്കൾ കൂട്ടം ചേർന്നെത്തി കടിച്ചു കൊന്നത്. ഇരുമ്പുകമ്പി കൊണ്ട് നിർമിച്ച ബലമേറിയ കൂടിന്റെ അടിവശത്തെ കട്ടകൾ തുരന്നാണ് എട്ടോളം നായ്‌ക്കൾ രാത്രിയിൽ കൂട്ടിനകത്ത് കയറിയത്. അര ലക്ഷം രൂപയിലേറെ നഷ്ടം വന്നു. ഇതിനു ശേഷവും പല തവണ തെരുവു നായ്‌ക്കളുടെ അതിക്രമം വീടിനടുത്ത് ഉണ്ടായതായി അസൈനു പറയുന്നു.
നാളുകൾ പിന്നിട്ടിട്ടും, മനസ്സിൽ നിന്ന് മായാതെ ‘പല്ലിൻ ശൗര്യം’
നാലുവർഷം മുൻപു യുകെജി വിദ്യാർഥിയായിരിക്കുമ്പോൾ മകന്റെ നേരെയുണ്ടായ തെരുവുനായ ആക്രമണത്തിന്റെ ഞെട്ടൽ വണ്ടൂർ മുക്കണ്ണൻ ശിഹാബുദ്ദീന്റെ മനസ്സിൽ നിന്നു ഇപ്പോഴും മാറിയിട്ടില്ല. അങ്ങാടിയിൽ തന്നെയുള്ള വിദ്യാലയത്തിൽ വച്ചാണു മകൻ അയാദിനെ തെരുവുനായ കടിച്ചത്. തലയിലും മുഖത്ത് കണ്ണിന്റെ തൊട്ടുതാഴെയും കയ്യിലും കടിയേറ്റു. ശിഹാബുദ്ദീനും ഭാര്യയും ഏറെനാൾ പരിശ്രമിച്ചാണു സാധാരണ നിലയിൽ എത്തിച്ചത്.
ഇപ്പോഴും മുഖത്ത് പാടുകളുണ്ട്. പിന്നീടു തെരുവുനായ്ശല്യം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടു പഞ്ചായത്തിലും വെറ്ററിനറി കാര്യാലയങ്ങളിലും പരാതികൾ നൽകി. ഒന്നോ രണ്ടോ തവണ നായ്ക്കളെ പിടിക്കാൻ ആളെത്തിയതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ലെന്നു ശിഹാബുദ്ദീൻ പറയുന്നു.
ഫണ്ട് നൽകി; പിന്നാലെ തിരിച്ചുപിടിച്ചു
തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിക്ക് തദ്ദേശ സ്ഥാപനങ്ങൾ നൽകിയ തുക സർക്കാർ പിൻവലിച്ചെന്ന്. പണം തിരിക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗ സംരക്ഷണ ഡപ്യൂട്ടി ഡയറക്ടർ എന്നിവർ സർക്കാരിന് കത്ത് നൽകി. ജില്ലയിലെ നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവ പദ്ധതിക്ക് അനുവദിച്ച 1,24,17,100 രൂപ നിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ മൃഗസംരക്ഷണ ഡപ്യൂട്ടി ഡയറക്ടറുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്.
സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് 2018 ജനുവരി 18ന് സംസ്ഥാന സർക്കാർ 53,85,499 രൂപ പിൻവലിച്ചു. അതിനോടകം വിവിധ പഞ്ചായത്തുകളിൽ 62,55,625 രൂപ ചെലവഴിച്ചു. അക്കൗണ്ടിൽ ശേഷിച്ചത് 7,75,976 രൂപ മാത്രമാണ്. തുടർ പ്രവർത്തനങ്ങൾക്ക് തുക പര്യാപ്തമല്ലാത്തതിനാൽ പിൻവലിച്ച പണം തിരികെ നൽകണമെന്ന് ഡപ്യൂട്ടി ഡയറക്ടർ സർക്കാരിന് കത്തുനൽകി. പദ്ധതി നടപ്പാക്കണമെന്ന് പഞ്ചായത്തുകളുടെ ആവശ്യം ചൂണ്ടിക്കാട്ടി 2021 നവംബർ 10ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ കത്തയച്ചു. എന്നാൽ മറുപടിയൊന്നും ലഭിച്ചില്ല.
വാക്സീൻ എത്തിയിട്ട് കാലമേറെയായി
നായയുടെ കടികിട്ടിയാൽ കുത്തിവയ്പ്പിനു നെട്ടോട്ടമോടേണ്ട അവസ്ഥയുണ്ടെന്ന് ആക്ഷേപം. ഇതിനു പുറമേ മൃഗങ്ങൾക്കു പ്രതിരോധ കുത്തിവയ്പ്പിനുള്ള ആന്റി റാബീസ് വാക്സീൻ (എആർവി) ക്ഷാമവും രൂക്ഷമാണ്. മരുന്നുതീർന്നിട്ട് മാസങ്ങളായ സർക്കാർ വെറ്ററിനറി ആശുപത്രികൾ ഉണ്ട്. 5 മാസമായി റാബീസ് വാക്സീൻ ഇല്ലാത്ത ഗവ.ആശുപത്രി കിഴക്കൻ മേഖലയിലുണ്ട്. 190 രൂപ നൽകി പുറത്തുനിന്നു വാങ്ങിയാണ് മിക്കവരും വളർത്തുമൃഗങ്ങൾക്ക് കുത്തിവയ്പ്പെടുക്കുന്നത്.
6 മാസത്തിനു താഴെ പ്രായമുള്ള നായ്ക്കുട്ടികൾക്കു ആദ്യ വർഷം 2 വാക്സീനും പിന്നീട് വർഷം തോറും ഒരു വാക്സീനുമാണു നൽകേണ്ടത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വാക്സീൻ വാങ്ങാൻ അനുമതിയില്ല. ഇപ്പോഴും വകുപ്പുവഴി വരണം. അതിന്റെ നടപടിക്രമങ്ങളിലെ ഇഴച്ചിലാണ് കാലതാമസത്തിനു കാരണം.