വിസ വാഗ്ദാനം, ലക്ഷങ്ങള്‍ തട്ടിയ പ്രതി മലപ്പുറത്ത് അറസ്റ്റില്‍

മലപ്പുറം: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് വീട്ടില്‍ അമീറി(29)നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍, നിലമ്പൂര്‍ സ്വദേശികളായ യുവാക്കളില്‍ നിന്നുമാണ് പ്രതി അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റി വിസ നല്‍കാതെ ഒളിവില്‍ പോയത്.
തിരൂര്‍ സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ തലക്കടത്തൂരില്‍ വെച്ച് പിടികൂടിയത്. തമിഴ്‌നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് പ്രതി ആളുകളെ പറ്റിച്ചിരുന്നത്. കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടോ എന്നും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണം നടന്നുവരികയാണ്.
തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ് ഐ സനീത്, എസ് സി പി ഒമാരായ ജിനേഷ്, സരിത, സി പി ഒ ഉണ്ണിക്കുട്ടന്‍ വേട്ടാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
