ആഘോഷങ്ങളൊഴിവാക്കി, ചടങ്ങുകള്‍ മാത്രമായി പൂരവിളംബരം; തിടമ്പേറ്റിയത് എറണാകുളം ശിവകുമാര്‍

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് തുടക്കംകുറിച്ച് പൂരവിളംബരം. ആഘോഷങ്ങൾ പരിമിതപ്പെടുത്തി, ചടങ്ങുകൾ മാത്രമായി പൂരവിളംബരം നടത്തുന്നതിന്റെ ഭാഗമായി വളരെക്കുറച്ച് ആളുകൾക്ക് മാത്രമേ പൂരവിളംബരത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് ഗജരാജൻ എറണാകുളം ശിവകുമാർ എന്ന ആനയാണ്.
രാവിലെ എട്ടരയോടെ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. തുടർന്ന് തേക്കിൻകാട് മൈതാനിയിലെത്തിയ ശേഷം വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ അകത്തേക്ക് പ്രവേശിച്ചു. വടക്കുംനാഥനെ വലംവെച്ച് അനുവാദം ചോദിച്ച ശേഷം തെക്കേ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തി.
കുടമാറ്റം പ്രതീകാത്മകമായി മാറ്റുന്നതിനാൽ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ കൂടിക്കാഴ്ചയായിരിക്കും തെക്കേനടയിലെ പൂരപ്പറമ്പിൽ നടക്കുക. പതിനായിരങ്ങൾക്കു പകരം രണ്ടായിരത്തോളം പേർ മാത്രമാവും ഇതിന് സാക്ഷ്യം വഹിക്കാൻ ഉണ്ടാവുക. അതിൽ ഉണ്ടാവുക ദേവസ്വം ഭാരവാഹികളും ജീവനക്കാരും പാപ്പാൻമാരും വാദ്യക്കാരും മാധ്യമപ്രവർത്തകരും പോലീസും സർക്കാർ ഉദ്യോഗസ്ഥരും മാത്രം. ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങുന്ന ഇലഞ്ഞിത്തറ മേളവും ശ്രീമൂലസ്ഥാനത്തെ മേളവും തീരുമ്പോൾ നാലരയാവും.
തെക്കുവശത്ത് 15 ആനകളും വടക്കു വശത്ത് ഒരാനയുമായുള്ള കാഴ്ചയായിരിക്കും വൈകീട്ട് അഞ്ചരയോടെ രൂപപ്പെടുക. ഇരു ദേവസ്വങ്ങളും രണ്ട് കുടകൾ വീതം മാറ്റി കുടമാറ്റം എന്ന ചടങ്ങ് നിർവഹിക്കും. ഇതിനു ശേഷം പാറമേക്കാവ് വിഭാഗമാണ് ആദ്യം പൂരപ്പറമ്പിൽനിന്ന് മടങ്ങുക. തുടർന്ന് തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് തെക്കോട്ട് നീങ്ങി രാജാവിന്റെ പ്രതിമയെ വലംവച്ച ശേഷം തെക്കേ മഠത്തിലേക്ക് തിരിച്ചു പോവും. ആറുമണിയോടെ പൂരപ്പറമ്പിൽനിന്ന് എല്ലാവരും ഒഴിയും.
