സോളാർ തട്ടിപ്പ് കേസ്; സരിത എസ്.നായർ അറസ്റ്റിൽ

സോളാർ ഇടപാടുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ വാറന്റ് അയച്ചിട്ടും സരിത ഹാജരാകാൻ തയാറായിരുന്നില്ല
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേലാണ് നടപടി. കോഴിക്കോട് കസബ പൊലീസാണ് സരിതയെ തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ വാറന്റ് അയച്ചിട്ടും സരിത ഹാജരാകാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
കോഴിക്കോടുള്ള സ്വകാര്യ വ്യവസായിയില്‍ നിന്ന് 4.27 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പണം തട്ടിയെടുത്തു എന്നാണ് കേസ്. സോളാര്‍ തട്ടിപ്പില്‍ ആദ്യം രജിസറ്റര്‍ ചെയ്ത കേസുകളിലൊന്നാണിത്.
നിലവില്‍ സരിതയെ കോഴിക്കോടേയ്ക്ക് കൊണ്ടുപോവുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയില്ല. മാര്‍ച്ച് 23നായിരുന്നു കേസിന്റെ വിധി പറയേണ്ടിയിരുന്നത്. സരിത ഹാജരാകാത്ത കാരണത്താലാണ് മാറ്റിവച്ചത്.
