ELECTION NEWSKERALA

തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് എൽ.ഡി.എഫ് സ്ഥാനാർഥി

കൊച്ചി: ഡോ. ജോ ജോസഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ ഇ.പി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ജോ ജോസഫ് പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനും സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമാണ് ജോ ജോസഫ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയായ അദ്ദേഹം ഡോ. ജോസ് ചാക്കോ പെരിയപുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

ഇങ്ങനെയൊരു സ്ഥാനാർഥി ത‍ൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതിയില്ല. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. തൃക്കാക്കരയിലെ ജനങ്ങളെ വികസന പദ്ധതികളുമായി സമീപിക്കുകയാണ്. കൊച്ചിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതിനുള്ള പദ്ധതികളെല്ലാം എൽ‍ഡിഎഫ് തയാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ വൻവിജയമുണ്ടാകും. യു.ഡി.എഫ് ദുർബലപ്പെടുകയാണ്. നിരാശരുടെയും വികസന വിരുദ്ധരുടെയും മുന്നണിയുമായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button