ഇന്ന് ലോക കേള്വി ദിനം
ഇന്ന് മാർച്ച് 3. ലോക കേൾവി ദിനം കേൾവിയെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിച്ച് വരുന്നത്. ഈ ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പ്രമേയം ‘ജീവിതകാലം മുഴുവൻ കേൾക്കാൻ, ശ്രദ്ധിച്ചു കേൾക്കാം’ (To hear for life, listen with care) എന്നാണ്.
ബധിരതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 2007 ലാണ് ഈ ദിനം ആരംഭിച്ചത്. പിന്നീട് ഇതിനെ ഇന്റർനാഷണൽ ഇയർ ഡേ എന്ന് വിളിച്ചിരുന്നു. എന്നാൽ പേര് 2016 ൽ വേൾഡ് ഹിയറിംഗ് ഡേ എന്നാക്കി മാറ്റിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കേൾവിക്കുറവിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 2050 ആകുമ്പോഴേക്കും കേൾവിക്കുറവ് വലിയ പ്രശ്നമാകും. അതിനെ മറികടക്കാൻ സുരക്ഷിതമായ കേൾവി എന്ന ആശയമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നത്.
ഈ ദിവസം, സുരക്ഷിതമായ ശ്രവണം പ്രോത്സാഹിപ്പിക്കുന്നതിന് അവബോധം വളർത്താൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. ഈ ആചരണം ബധിര സമൂഹത്തിന് അവരുടെ പ്രതിനിധി സംഘടനകൾ, ആരോഗ്യ സംവിധാനങ്ങൾ, ഗവൺമെന്റുകൾ എന്നിവയ്ക്കൊപ്പം ശ്രവണ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമാണ്.
കേൾവിക്കുറവ് പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
- ചെവികൾ വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക.
- തീപ്പെട്ടി, പെൻസിൽ, ഹെയർപിന്നുകൾ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ചെവിയിൽ ഇടരുത്. കാരണം അവ ചെവിയ്ക്കുള്ളിലെ കനാലിൽ പരിക്കേൽപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
- ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കരുത്. ചെവിയിൽ നീർവീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഡോക്ടറെ കാണുക.
- ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകൾ വരുത്തുകയും ചെയ്യും.