അർധരാത്രിയിൽ ചായ കുടിക്കാൻ പുറത്തിറങ്ങിയ യുവാക്കള്‍ക്ക് കട്ടന്‍ചായ ഇട്ട് കൊടുത്ത് പൊലീസ്

പെരിന്തൽമണ്ണ: ആഞ്ഞിലങ്ങാടിയിൽ നിന്നും പാതിരാത്രി ഒരുമണിക്ക് ചായകുടിക്കാനിറങ്ങിയതാണ് ഈ ആറംഗ യുവാക്കളുടെ സംഘം. പെരിന്തൽമണ്ണ എസ് ഐ. സി.കെ.നൗഷാദിന്റെ കണ്ണിൽപ്പെട്ടതോടെ പിന്നെ പുലിവാലായി. അർധരാത്രിയിൽ ചായ കുടിക്കാനുള്ള മോഹം ചായയുണ്ടാക്കലിലേക്ക് പോലീസ് എത്തിച്ചു.
പൊലീസ് സ്റ്റേഷനിലെത്തിച്ച സംഘത്തെ പുലർച്ചെ 3.30ന് കട്ടൻചായയുണ്ടാക്കി കുടിപ്പിച്ചാണ് പോലീസ് പറഞ്ഞു വിട്ടത്. ചൊവ്വാഴ്ച പുലർച്ചെയോടെ പെരിന്തൽമണ്ണ ടൗണിലാണ് സംഭവം. ഒരു കാറിലും ഒരു ബൈക്കിലുമാണ് യുവാക്കളുടെ സംഘത്തെ രാത്രികാല പരിശോധനക്കിറങ്ങിയ എസ്.ഐ സി.കെ.നൗഷാദും സംഘവും കണ്ടത്.
പെരിന്തൽമണ്ണ ആഞ്ഞിലങ്ങാടി സ്വദേശികളായ 20നും 25 നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇവർ. പാതിരാത്രി പ്രത്യേക കാരണങ്ങളില്ലാതെ ഇത്തരത്തിൽ സംഘടിതമായി ഇറങ്ങാതിരിക്കാനുള്ള മുന്നറിയിപ്പാണ് നൽകിയത്. യുവാക്കളെ 3.30 വരെ സ്റ്റേഷനിലിരുത്തിയ ശേഷം ചായ നൽകിയാണ് പറഞ്ഞുവിട്ടതെന്നും എസ്.ഐ പറഞ്ഞു.
