MALAPPURAM
റിപ്പബ്ലിക് ദിനാഘോഷം; മാർച്ച് പാസ്റ്റ് ഒഴിവാക്കി
മലപ്പുറം ∙ ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അനുമതി പരമാവധി 50 പേർക്ക്. 26നു രാവിലെ 9ന് മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ മാർച്ച് പാസ്റ്റ് ഉണ്ടാകില്ല. പകരം സല്യൂട്ട് മാത്രം. കലക്ടർ വി.ആർ പ്രേംകുമാർ ആണ് ഇക്കാര്യം അറിയിച്ചത്. എംഎസ്പിയിലെ പരിപാടിയിൽ 4 കണ്ടിൻജന്റുകൾ മാത്രം പങ്കെടുക്കും. എംഎസ്പി, വനിതാ പൊലീസ്, എക്സൈസ്, എന്നിവയും ലോക്കൽ പൊലീസും എആർ വിഭാഗവും ഉൾപ്പെടുന്ന ഒരു കണ്ടിൻജന്റുമാണ് പങ്കെടുക്കുക. സ്കൂൾ കുട്ടികളുടെ ദേശഭക്തിഗാനാലാപനം ഓൺലൈനായി അനുവദിക്കും.
അനുമതിയില്ലാത്ത സ്റ്റുഡന്റ് പൊലീസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, എൻസിസി തുടങ്ങിയ കണ്ടിൻജന്റുകളെ അനുവദിക്കില്ല. സ്കൂൾ കുട്ടികളുടെ പരിപാടികളുണ്ടാകില്ല. കുട്ടികളെയോ മുതിർന്ന പൗരന്മാരെയോ ചടങ്ങിൽ പങ്കെടുപ്പിക്കില്ല. റിഫ്രഷ്മെന്റും ഉണ്ടാകില്ല.