പൊന്നാനിയിൽ 100 വീടുകൾ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയവും അനുബന്ധ വികസനവും പ്രതിസന്ധിയിൽ.

പൊന്നാനി: സാങ്കേതിക കുരുക്കുകളഴിക്കാൻ അധികൃതർക്കു നേരമില്ല. പുനർഗേഹം പദ്ധതിയുടെ രണ്ടാംഘട്ടം ഫയലിൽ ഒതുങ്ങുന്നു. ഹാർബർ പ്രദേശത്ത് 100 വീടുകൾ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയവും അനുബന്ധ വികസനവും പ്രതിസന്ധിയിലേക്ക്. ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്ത 128 വീടുകളിൽ ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്. തെരുവുവിളക്കുകളും ചുറ്റുമതിലും നിർമിച്ചിട്ടില്ല. ഇവയൊന്നും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കാൻ ആരും മുൻകയ്യെടുക്കുന്നില്ല.
ഒന്നാംഘട്ടം അതിവേഗം പൂർത്തിയായെങ്കിൽ രണ്ടാംഘട്ടം ഇഴഞ്ഞു നീങ്ങുകയാണ്. പദ്ധതിയുടെ രൂപരേഖ ഉൗരാളുങ്കൽ ലേബർ കൺസ്ട്രക്‌ഷൻ സൊസൈറ്റി പ്രതിനിധികൾ വകുപ്പ് മന്ത്രിയെ കാണിച്ചിരുന്നെങ്കിലും പദ്ധതി ഒൗദ്യോഗികമായി സർക്കാരിന് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നിർമാണവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനായി ഉദ്യോഗസ്ഥ തലത്തിലുള്ള യോഗങ്ങൾ നടക്കുന്നില്ല.
ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥർ പദ്ധതിക്കായി താൽപര്യവുമെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. മത്സ്യത്തൊഴിലാളി ഭവന സമുച്ചയത്തോടൊപ്പം മികച്ച ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിന് 6 കോടി രൂപയുടെ ബൃഹദ് പദ്ധതി തയാറാക്കിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയം, ഗാലറി, ഓഡിറ്റോറിയം കോംപ്ലക്സ്, ചുറ്റുമതിൽ, ലാൻഡ് സ്കേപിങ്, കട്ട വിരിക്കൽ, നീതി മെഡിക്കൽ ലാബ്, മെഡിക്കൽ സൗകര്യങ്ങൾ, ത്രിവേണി സ്റ്റോർ, എടിഎം കൗണ്ടർ, അക്ഷയ കേന്ദ്രം, തൊഴിൽ പരിശീലന കേന്ദ്രം എന്നിവ അടങ്ങുന്ന പദ്ധതിയാണ് അനുമതിക്കായി കാത്തിരിക്കുന്നത്.
