ഐ.എം. വിജയൻ ഇനി മലപ്പുറം എം.എസ്.പി അസിസ്റ്റന്‍റ് കമാൻഡന്‍റ് വിജയൻ നിലവിൽ കേരള പൊലീസ് ഫുട്ബാൾ ടീം ടെക്നിക്കൽ ഡയറക്ടറാണ്


മലപ്പുറം: കാൽപന്ത് രംഗത്തെ അതികായൻ ഐ.എം. വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്റ്റൻറ് കമാൻഡൻറ്. ബുധനാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ആസ്ഥാനത്ത് കമാൻഡൻറ് യു. അബ്ദുൽ കരീമിെൻറ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയേറ്റെടുത്തു.

കേരള പൊലീസ് ഫുട്ബാൾ ടീമിെൻറ ടെക്നിക്കൽ ഡയറക്ടർ കൂടിയായ വിജയൻ ഇനി മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കും. എം.എസ്.പി നിലമ്പൂർ ക്യാമ്പാണ് ഇപ്പോൾ പൊലീസ് ടീമിെൻറ ആസ്ഥാനം.
സി.ഐ റാങ്കിൽ തൃപ്പൂണിത്തുറയിലെ കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കവെയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. എം.എസ്.പിയിൽ പുതുതായി ആരംഭിക്കുന്ന പൊലീസ് ഫുട്ബാൾ അക്കാദമിയുടെ ഡയറക്ടറായി വിജയനെ ഇതിനകം നിയമിച്ചിട്ടുണ്ട്. അസി. കമാൻഡൻറുമാരും സഹതാരങ്ങളുമായ ഹബീബ് റഹ്മാെൻറയും റോയ് റോജസിെൻറയും സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.

പുതിയ സ്ഥാനലബ്ധിയിൽ സന്തോഷമുണ്ടെന്നും ഫുട്ബാളിന് വളക്കൂറുള്ള നാട്ടിൽ ആരംഭിക്കുന്ന അക്കാദമിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വിജയൻ പറഞ്ഞു

