ഷോപ്പിംഗ് കോംപ്ലക്സ് കാലഹരണപ്പെട്ടതായി പരിശോധന റിപ്പോർട്ട്; തകർച്ച ഭീഷണി നേരിടുന്ന കെട്ടിടത്തിൽ നിന്ന് ഒഴിയാൻ സ്ഥാപന കച്ചവട ഉടമകൾക്ക് നോട്ടീസ് നൽകും
കുറ്റിപ്പുറം: പഞ്ചായത്ത് ഉടമസ്ഥതയിലെ ബസ്റ്റാൻ്റിലെ ഷോപ്പിംഗ് കോപ്ലക്സ് കാലഹരണപ്പെട്ടതായി അസി. എഞ്ചിനീയർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് അറിയിച്ചു. ഇതിനാൽ കട ഉടമകളുടെ ലൈസൻസും കരാറും പുതുക്കി നൽകേണ്ടതില്ലന്നും ഉടമകൾക്ക് ഒഴിയാൻ 40 ദിവസത്തെ സമയം അനുവദിച്ച നോട്ടീസ് നാളെ (തിങ്കൾ) മുതൽ കൊടുത്ത് തുടങ്ങാൻ ഭരണ സമിതി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ ശനിയാഴ്ച വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കെട്ടിടം തകർച്ച ഭീഷണി നേരിടുന്നുണ്ട്. ഇതിനാൽ കച്ചവടക്കാർ ഒഴിയൽ നിർബന്ധമാണ്. ബസ്റ്റാൻ്റിലെയും റെയിൽവേ റോഡിലെയും പഞ്ചായത്ത് വക ബങ്കുകൾ വാടകയിനത്തിൽ വൻ തുക കുടിശ്ശിക അടക്കാനുണ്ട്. ഇവരിൽ ചിലർ ഹൈക്കോടതിയിൽ കേസിന് പോയതിനാൽ ചില സാങ്കേതിക പ്രശ്നം നിലവിലുണ്ട്. കോടതിയിൽ അടുത്ത ദിവസം കേസ് വരുമ്പോൾ പഞ്ചായത്ത് ശക്തമായി ഇടപെട്ട് കുടിശ്ശിക തിരിച്ച് പിടിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കും. ബസ് സസ്റ്റാൻ്റെ് സ്ഥലം റവന്യു ഉടമസ്ഥതയിലായതിനാൽ വികസന പ്രവർത്തികൾക്ക് തടസ്സമുണ്ട്. ഇതിനാൽ സ്ഥലം പഞ്ചായത്തിന് വിട്ട് തരണം എന്നാവശ്യപ്പെട്ട് തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അത് ലഭ്യമായാൽ ഉടൻ തന്നെ കുറ്റിപ്പുറത്തിൻ്റെ മുഖഛായ മാറുന്ന വികസന പ്രവർത്തികൾ നടക്കുമെന്നും പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി സക്കീർ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഹമ്മദ് കുട്ടി ചെമ്പിക്കൽ, ടൗൺ വാർഡ് മെംബർ ആബിദ്, കെ.പി അസീസ് തുടങ്ങിയവർ പങ്കെടുത്തു.