700 മില്യൺ ഡോളർ മുടക്കി എംഎക്‌സ് കമ്പനിയുടെ ഷോർട്ട് വീഡിയോ ആപ്പായ ‘എംഎക്‌സ് ടകാടാക്’ ഏറ്റെടുക്കാനൊരുങ്ങി ഷെയർചാറ്റ് മാതൃകമ്പനി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡാണ് തങ്ങളുടെ പ്രാദേശിക എതിരാളികളുടെ ആപ്പ് ഏറ്റെടുക്കുന്നത്. ബൈറ്റ്ഡാൻസിന്റെ ‘ടിക്‌ടോക്’ അടക്കം ചൈനീസ് ആപ്പുകൾ അതിർത്തി തർക്കത്തെ തുടർന്ന് 2020 ൽ ഇന്ത്യ നിരോധിച്ചിരുന്നു.
തുടർന്നാണ് ‘ടകാടാക്’ പ്രചാരം നേടിയത്. ഇതേ സമയം തന്നെ മൊഹല്ല ടെക് ‘മോജ്’ എന്ന പേരിൽ ഷോർട്ട് വീഡിയോ ആപ്പ് പുറത്തിറക്കിയിരുന്നു. 160 മില്യൺ ഉപഭോക്താക്കളെ നേടിയ ആപ്പ് ഇൻസ്റ്റഗ്രാം റീൽസിന്റെ എതിരാളികളായി കണക്കാക്കപ്പെട്ടിരുന്നു. ഇതിനൊപ്പം തന്നെ മറ്റൊരു ഷോർട്ട് വീഡിയോ ആപ്പ് കൂടി കമ്പനിയുടെ ഉടമസ്ഥതയിലെത്തുകയാണ്. എംഎക്‌സിന് 100 മില്യൺ ഉപഭോക്താക്കളാണുള്ളത്.
സിംഗപ്പൂരിലെ ടീമസേക് ഹോൾഡിംഗ്‌സും ട്വിറ്ററും നിക്ഷേപകരായുള്ള ഷെയർചാറ്റിന് നാലു ബില്യൺ ഡോളർ മൂല്യമാണ് കണക്കാക്കപ്പെടുന്നത്. റോയിട്ടേഴ്‌സാണ് മൊഹല്ല ടെക് ‘ടകാടാക്’ ഏറ്റെടുക്കുന്ന വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ഇടപാടിനെ കുറിച്ച് പ്രതികരിക്കാൻ എംഎക്‌സ് പ്രതിനിധികൾ തയ്യാറായിട്ടില്ല.