7 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു, രഹസ്യ വിവരം കിട്ടി വനപാലകരെത്തി; ഇരുതലമൂരിയുമായി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയില്‍

ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.
എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്.
അഭിലാഷ് കുഷന് വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ റാന്നി റെയ്‌ഞ്ച് ഫോറസ്‌റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. ഹരികൃഷ്‌ണൻ ഇയാളുടെ സഹായിയാണ്. കോടതി ഇരുവരെയും റിമാൻഡ് ചെയ്‌തു.
തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് വാങ്ങിയ ഇരുതലമൂരി മറ്റൊരാള്‍ക്ക് വില്‍ക്കാൻ ഏഴു ലക്ഷം രൂപ വില ഉറപ്പിച്ചതായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ അഭിലാഷിന്റെ ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടു. കൂടുതല്‍ പണം നല്‍കാമെന്ന വാഗ്‌ദാനത്തില്‍ അഭിലാഷ് വീണു. തുടർന്ന് ഇരുതലമൂരിയെ വില്‍ക്കാനായി ഇവർ ആലപ്പുഴ മുല്ലയ്‌ക്കലിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തു. കരിക്കുളം ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ലൈയിങ് സ്വാഡുമായി ചേർന്ന് ഇവിടെയെത്തി പ്രതികളെ പിടിച്ചു.
മൂന്ന് കിലോ ഭാരവും 135 സെന്റീമീറ്റർ നീളവുമുള്ളതുമാണ് ഇരുതലമൂരി. ഇതിനെ തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു. സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർമാരായ എഫ് യേശുദാസ്, എസ് ഷിനില്‍, പി സെൻജിത്ത്, ബിഎഫ്‌ഓമാരായ കെ അനൂപ്, അപ്പുക്കുട്ടൻ, അമ്മു ഉദയൻ, എസ് അജ്മല്‍ എന്നിവരും റെയ്‌ഡില്‍ പങ്കെടുത്തു.
