ഗതാഗതക്കുരുക്കോ… അത് പഴങ്കഥ; എടപ്പാൾ മേൽപ്പാലത്തിന് ഒരുവയസ്


എടപ്പാള്‍: എന്നും ഗതാഗതക്കുരുക്ക്, തിരക്കിട്ട് പോകുന്നവർപോലും കുടുങ്ങിപ്പോകുന്ന അവസ്ഥ… ട്രാഫിക് പൊലീസും നാട്ടുകാരും റോഡിലിറങ്ങി ഗതാഗതം നിയന്ത്രിച്ച് കുരുക്ക് ഒഴിവാക്കിയിരുന്ന ദിനങ്ങൾ… ഇതൊക്കെ പഴയ കഥയാണ്. എടപ്പാൾ ജങ്‌ഷൻ ഇന്ന് കുരുക്കൊഴിഞ്ഞയിടമാണ്. ജനങ്ങൾക്ക് ആഹ്ലാദത്തിലേക്കുള്ള മേൽപ്പാലം തുറന്നിട്ട് ഒരുവർഷമാകുന്നു. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍മുതല്‍ മലപ്പുറംജില്ലയിലെ കുറ്റിപ്പുറംവരെയുള്ള സംസ്ഥാന പാതയില്‍ ഏറ്റവും തിരക്കേറിയ പട്ടണങ്ങളിലൊന്നാണ് എടപ്പാള്‍. ദീര്‍ഘദൂര ബസുകളും ഇതിലൂടെയാണ് പോകുന്നത്. പൊന്നാനി- പട്ടാമ്പി റോഡ്, തൃശൂര്‍-–- കുറ്റിപ്പുറം റോഡ് എന്നിങ്ങനെ നാലു റോഡുകളും സംഗമിക്കുന്നതാണ് എടപ്പാള്‍ ജങ്ഷന്‍. അതിനാൽ ഏതുനേരവും ഗതാഗതക്കുരുക്കായിരുന്നു. ഇതിന് ശാശ്വത പരിഹാരമായാണ് കെ ടി ജലീല്‍ എംഎല്‍എ എടപ്പാള്‍ മേല്‍പ്പാലമെന്ന ബൃഹത്തായ പദ്ധതി അവതരിപ്പിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന് എൽഡിഎഫ് വന്നതോടെയാണ് പദ്ധതി അംഗീകരിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കിഫ്‌ബി മുഖേന 13.6 കോടി ചെലവിൽ പാലം നിർമാണം തുടങ്ങിയത്.


റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനാണ് നിർമാണം ഏറ്റെടുത്തത്. 248 മീറ്റർ നീളവും 8.4 മീറ്റർ വീതിയുമാണുള്ളത്. തുടക്കത്തിലുണ്ടായിരുന്ന എതിർപ്പുകളെയെല്ലാം വകഞ്ഞുമാറ്റിയാണ് ഒരുവർഷംമുമ്പ് പാലം യാഥാർഥ്യമാക്കിയത്. ഒരിഞ്ചുസ്ഥലംപോലും ഏറ്റെടുക്കാതെ പൂർണമായും സർക്കാർ സ്ഥലത്താണ് പാലം. ജില്ലയില്‍ റോഡിനുകുറുകെ നിര്‍മിച്ച ആദ്യത്തെ ഫ്ലൈഓവര്‍ ആണിത്. നാട് ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റമാണ് പാലം വന്നതോടെ എടപ്പാളിനുണ്ടായത്. നാടിന്റെ മുഖച്ഛായ മാറി. ഗതാഗതക്കുരുക്ക് ഒഴിവായി. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം പാലത്തിനടിയിൽ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അടുത്തകാലത്ത് പാലത്തിനടിയിൽ കുറ്റിപ്പുറം റോഡിൽ പാർക്കിങ്ങിനായി ചെറിയ രീതിയിലുള്ള സൗകര്യം ഒരുക്കിയതിൽ ആശ്വാസമുണ്ടെന്നും കുടുതൽ സൗകര്യം ഏർപ്പെടുത്തണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം
