60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ളതില്‍ പരിശോധന; സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബ്രാന്റായ സെന്‍സൊഡൈന്റെ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ).ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളില്‍ പരിശോധന നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടര്‍ നല്‍കാനും സി.സി.പി.എ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി.
സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ച് പരസ്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സി.സി.പി.എ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഓര്‍ഡര്‍ പുറപ്പെടുവിച്ച് ഏഴുദിവസത്തിനുള്ളില്‍ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍ പറയുന്നത്.
ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകള്‍ പരസ്യത്തില്‍ സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സി.സി.പി.എയുടെ കണ്ടെത്തല്‍.