6 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഗോകുലം ഗോപാലനെ വിട്ടയച്ച് ഇഡി

കൊച്ചി: ഫെമ കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്.എമ്ബുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് നിർമ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനെതിരെ ഇഡി നടപടി ഉണ്ടായത്. ഫെമ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ശേഷം ഗോകുലം ഗോപാലനെ ഇഡി വിട്ടയച്ചു.ചോദ്യം ചെയ്യല്‍ അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന ഗോകുലം ഗോപാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്നായിരുന്നു ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. അതിന് മറുപടി പറയേണ്ട ഉത്തരവാദിത്വം എനിക്കുമുണ്ട്. ഇഡി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എൻഫോഴ്സ്മെനടി ഡയറക്‌ടറേറ്റ് ഇന്ന് ഗോകുലം ഗോപാലന്റെ മൊഴിയെടുത്തത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായാണ് ഇഡി പരിശോധനയില്‍ കണ്ടെത്തിയത്.
ചെന്നൈയിലെ കേന്ദ്ര ഓഫീസില്‍ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് സംഭവത്തില്‍ ഗോകുലം ഗോപാലന്റെ പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അദ്ദേഹത്തെ ഇന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്.
കൂടാതെ കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോർപറേറ്റ് ഓഫീസില്‍ ഇഡി. കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്‌തിരുന്നു. ചെന്നൈ കോടമ്ബാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിൻസിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോർപറേറ്റ് ഓഫീസിലും അധികൃതർ പരിശോധന നടത്തുകയും ചെയ്‌തു.
