5ജി സ്പെക്ട്രം ലേലത്തുക വെട്ടിക്കുറച്ചു, മൊബൈൽ നിരക്കുകൾ കുത്തനെ കുറഞ്ഞേക്കും?
https://chat.whatsapp.com/IAB9GLegMaNABEIgggSIQl
ഏറെ നാളായി ഇന്ത്യയിലെ ടെലികോം ഉപഭോക്താക്കൾ കാത്തിരിക്കുകന്ന ഒന്നാണ് 5ജി. ഏറെ വൈകാതെ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് സർക്കാർ അറിയിപ്പ്. ഇതിനിടെ 5ജി സ്‍പെക്ട്രം ലേലം ചെയ്തെടുക്കാനുള്ള അടിസ്ഥാന തുക ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വെട്ടിക്കുറച്ചു.
സ്‍പെക്ട്രം ലേലം പിടിക്കാനുള്ള ഏറ്റവും കുറഞ്ഞ തുകയിൽ 36 ശതമാനം ഇളവാണ് വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഒരു മെഗാഹേർട്സ് 5ജി സ്‍പെക്ട്രത്തിന് 317 കോടിയാണ് ടെലികോം കമ്പനികൾ നൽകേണ്ടിവരുക.
കഴിഞ്ഞ ദിവസമാണ് ട്രായിയുടെ പുതിയ നിര്‍ദേശം വന്നത്. 5ജി സ്‌പെക്‌ട്രം ബാൻഡിന്റെ (3300-3670MHz ബാൻഡ്) അടിസ്ഥാന വിലയിൽ 2018-ൽ നിർദേശിച്ച 492 കോടി രൂപയിൽ നിന്ന് പാൻ-ഇന്ത്യ അടിസ്ഥാനത്തിൽ 317 കോടി രൂപയായി 36 ശതമാനം കുറയ്ക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇത് വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനികൾക്കും വലിയ ആശ്വാസം നൽകുന്നതാണ്. ഇതോടെ 5ജി സേവനങ്ങൾക്കുള്ള നിരക്കുകളും കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്.
700 മെഗാഹെർട്‌സ് ബാൻഡിലെ കരുതൽ വിലകൾ കുറയ്ക്കാനും ട്രായി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാന വിലകൾ 58 ശതമാനവും മുംബൈയിലെയും ഡൽഹിയിലെയും പ്രധാന സർക്കിളുകളിൽ 45 ശതമാനവും വെട്ടിക്കുറച്ച് 470 കോടി രൂപയാക്കി. നിലവിലെ എല്ലാ സ്‍പെക്ട്രം ബാൻഡുകൾക്കൊപ്പം പുതിയ 3300-3670 മെഗാഹേർട്സ്, 24.25-28.5 ജിഗാ ഹേർട്സ് സ്‍പെക്ട്രങ്ങളും ലേലത്തിനുണ്ട്. ഏറ്റവും ഡിമാന്റുള്ളത് 700 മെഗാ ഹേർട്സ് ബാൻഡിനാണ്. 2022-23 വർഷം 5ജി ആരംഭിക്കാൻ പാകത്തിന് ഈ വർഷം തന്നെ സ്‍പെക്ട്രം ലേലം നടക്കും.
600MHz ബാൻഡിനും പുതിയ അടിസ്ഥാന വില നിശ്ചയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സ്പെക്‌ട്രം ലേലത്തിൽ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങി മൂന്ന് കമ്പനികളാണ് പങ്കെടുക്കുന്നത്. മെയ്-ജൂൺ മാസത്തിനുള്ളിൽ ലേലം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. സ്‌പെക്‌ട്രം വിൽപനയുമായി മുന്നോട്ട് പോകുന്നതിന് മുൻപ് ട്രായിയുടെ എല്ലാ ശുപാർശകളും ടെലികോം കമ്പനികൾ അംഗീകരിക്കേണ്ടതുണ്ട്.