Travel

300 രൂപ മുടക്കിയാൽ മൂന്നാറിന്റെ സൗന്ദര്യക്കാഴ്ചകളിലേക്ക് വിനോദയാത്രയ്ക്ക് അവസരമൊരുക്കി കെഎസ്ആർടിസി

മൂന്നാർ: മഞ്ഞുവീഴുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാൻ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കു വിവിധ സ്ഥലങ്ങൾ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ട്രിപ്പുകൾ. 300 രൂപ മുടക്കിയാൽ മൂന്നാർ ഉൾപ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മനംനിറഞ്ഞ് യാത്ര ചെയ്യാനാണ് കെഎസ്ആർടിസി അവസരം ഒരുക്കുന്നത്.

രണ്ട് യാത്രകൾ

മൂന്നാർ മുതൽ മാട്ടുപ്പെട്ടിയും കുണ്ടളയും പിന്നിട്ട് ടോപ് സ്റ്റേഷൻ വരെയാണ് ഒരു യാത്രയെങ്കിൽ തേയിലക്കാടുകളുടെ അതിമനോഹര കാഴ്ചകളും മലയിടുക്കുകളുടെ സൗന്ദര്യവും മഞ്ഞും വിശാലമായ റോഡുകളും ഉൾപ്പെടുന്ന താഴ്‌വാരങ്ങളിലൂടെ സഞ്ചരിച്ച് ആനയിറങ്കലും പൂപ്പാറയും ചതുരംഗപ്പാറയുമൊക്കെ കണ്ടു മടങ്ങുന്നതാണു രണ്ടാമത്തെ യാത്ര. വിനോദ സഞ്ചാരത്തിനായി എത്തുന്നവരുടെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്താണ് കെഎസ്ആർടിസി ഓരോ റൂട്ടുകളും ഒരുക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ സൈറ്റ് സീയിങ് ട്രിപ്പിനായി ഇവിടെ എത്തുന്നുണ്ട്.

ഒറ്റദിവസം കൊണ്ട് 9 സ്ഥലങ്ങൾ:

രാവിലെ 9 ന് മൂന്നാർ ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 5 മണിയോടെ തിരികെ മൂന്നാറിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു വണ്ടിയിൽ 50 പേർക്കാണ് യാത്രാസൗകര്യം. 9 സ്ഥലങ്ങൾ ഒറ്റ ദിവസംകൊണ്ട് കാണാനും ഫോട്ടോ എടുക്കാനും ഓരോ ഇടങ്ങളിലും അരമണിക്കൂർ മുതൽ ഒരു മണിക്കൂർവരെ സമയം ചെലവഴിക്കാനും സാധിക്കും.

ആനയിറങ്കൽ, മലയിക്കള്ളൻ ഗുഹ, ഓറഞ്ച് തോട്ടം, സ്പൈസസ് ഫാം വിസിറ്റ്, ചതുരംഗപ്പാറ, ടീ മ്യൂസിയം, കുണ്ടള, ഇക്കോപോയിന്റ്, മാട്ടുപ്പെട്ടി തുടങ്ങിയ പ്രകൃതി മനോഹര സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാം. തേയില നുള്ളുന്നതും തേയിലയുടെ ഉൽപാദനവും നേരിൽ കാണാനും സുഗന്ധവ്യഞ്ജനങ്ങളുടെ വിളവു മുതൽ ഉൽപാദനവും വിപണനവും വരെ കാണാനും സഞ്ചാരികൾക്ക് അവസരമുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button