3 മാസം തുടർച്ചയായി റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് മരവിപ്പിക്കും; ജില്ലയിൽ ഇതുവരെ മരവിക്കപ്പെട്ടത് 2393 കാർഡുകൾ


അർഹതയില്ലാതെ റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെ കണ്ടുപിടിക്കുന്നതിന് സപ്ലൈ ഓഫീസുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനിരിക്കെ, ജില്ലയിൽ സാധനങ്ങൾ വാങ്ങാതെ മരവിക്കപ്പെട്ടത് 2393 കാർഡുകൾ. മൂന്നുമാസം തുടർച്ചയായി സാധനങ്ങൾ വാങ്ങാത്ത കാർഡുകളാണ് മരവിപ്പിക്കുന്നത്. മുൻഗണനാവിഭാഗം (ചുവപ്പ് കാർഡ്)-1622, എ.എ.വൈ. (മഞ്ഞ കാർഡ്)-169, പൊതുവിഭാഗം സബ്സിഡി (നീല കാർഡ്)-602 എന്നിങ്ങനെയാണ് ആനുകൂല്യം നഷ്ടപ്പെട്ട കാർഡുകളുടെ വിഭാഗം. സംസ്ഥാനത്താകെ 52,354 കാർഡുകളാണ് മരവിപ്പിച്ചത്. റേഷൻവിതരണം ഓൺലൈനായി നിയന്ത്രിച്ചശേഷമാണ് തുടർച്ചയായി മൂന്നുമാസം സാധനങ്ങൾ വാങ്ങാത്തവരെ ഒഴിവാക്കാൻ തുടങ്ങിയത്. കാർഡിലുൾപ്പെട്ട ആരെങ്കിലും റേഷൻകടയിലെത്തിയാൽ മാത്രമേ നിലവിൽ സാധനങ്ങൾ ലഭിക്കൂ. പലയിടങ്ങളിലും സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡ്നമ്പറിൽ രേഖപ്പെടുത്തി റേഷൻകടയുടമകൾ തിരിമറി നടത്തുകയും ചെയ്യാറുണ്ടായിരുന്നു. വിതരണം ഓൺലൈൻ കേന്ദ്രീകരിച്ചാക്കിയതോടെ ഇത്തരം വെട്ടിപ്പുകൾ നന്നേകുറഞ്ഞു.

തുടർച്ചയായി മൂന്നുമാസം റേഷൻസാധനങ്ങൾ വാങ്ങാതിരുന്നാൽ കാർഡുകളിലെ മുൻഗണന, സബ്സിഡിയാണ് നഷ്ടപ്പെടുന്നത്. പിന്നീട് റേഷൻസാധനങ്ങൾക്ക് സബ്സിഡിയില്ലാത്ത വില നൽകേണ്ടിവരുംസബ്സിഡി പുനഃസ്ഥാപിക്കാൻ താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാരണം ബോധിപ്പിച്ചിച്ച് അപേക്ഷ നൽകണം. അന്വേഷണത്തിൽ കാരണം ന്യായയുക്തമാണെന്ന് അധികൃതർക്ക് ബോധ്യംവന്നാൽ സബ്സിഡി പുനഃസ്ഥാപിക്കുന്നതിന് ശുപാർശചെയ്യും. നിസ്സാരകാരണങ്ങളാണെങ്കിൽ അപേക്ഷ തിരസ്കരിക്കും. സ്വീകരിക്കുന്നവയിൽ, കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്ന അവസരത്തിൽ ആനുകൂല്യം പുനഃസ്ഥാപിക്കും
