25 വയസുകാരന് എപ്ലാസ്റ്റിക് അനീമിയ; ചികിത്സാച്ചെലവിനായി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ച് ഒരുനാട്


എപ്ലാസ്റ്റിക് അനീമിയ ബാധിച്ച 25 വയസുകാരന് സഹായവുമായി ഒരു നാട് മുഴുവൻ രംഗത്ത്. രോഗം ബാധിച്ച തൃശൂർ മേലൂർ ദേവരാജഗിരിയിലെ ജിഷ്ണുവിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് നാട്ടുകാർ ചേർന്ന് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. കുന്നപ്പിള്ളിയെന്ന പ്രദേശത്തെ സുമനസുകളാണ് ജിഷ്ണുവിനായി കൈകോർത്തത്. ചികിത്സയ്ക്കായി 35 ലക്ഷം രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്.
തുക മുഴുവൻ കാരുണ്യ മനസുകളിൽ നിന്ന് സ്വരൂപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ബിരിയാണി ഫെസ്റ്റിലൂടെ 2,500 ബിരിയാണിക്കിറ്റുകളാണ് വിറ്റഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിതയുടെ നേതൃത്തിൽ സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റാണ് ജനകീയമായി മാറിയത്. കുന്നപ്പിള്ളി എസ്.എൻ.യു.പി സ്‌കൂളിൽ നടന്ന ബിരിയാണി മേളയിലേക്ക് നിരവധി സാധനങ്ങളും സംഭാവനയായെത്തി.
പെരിങ്ങത്ര ബിനോയിയുടെ നേതൃത്വത്തിൽ പാചകക്കാർ സൗജന്യമായി സേവനം ചെയ്തപ്പോൾ യുവജനങ്ങളടക്കം നിരവധി പേരാണ് ഇവരെ സഹായിക്കുന്നതിന് ഒപ്പം കൂടിയത്. മജ്ജയിലെ സ്റ്റെം കോശങ്ങൾ നശിക്കുന്ന രോഗമാണ് എപ്ലാസ്റ്റിക് അനീമിയ. മജ്ജയെ രോഗം ബാധിച്ചാൽ രക്താണുക്കളുടെ ഉൽപാദനം കുറയുകയോ അവ കൂടുതലായി നശിക്കുകയോ ചെയ്യും.
എപ്ലാസ്റ്റിക് അനീമിയ ഉണ്ടാവാൻ പല കാരണങ്ങളുണ്ട്. ചിലതരം മരുന്നുകൾ, വൈറസ് രോഗങ്ങൾ, അർബുദങ്ങൾ, പ്രതിരോധശക്തി കുറക്കുന്ന രോഗങ്ങൾ തുടങ്ങിയ മൂലം എപ്ലാസ്റ്റിക് അനീമിയയുണ്ടാകാം. ഇതിന്റെ ഫലമായി രക്താണുക്കൾ വളരെയധികം കുറയുന്ന അവസ്ഥയും രക്തസ്രാവവുമുണ്ടാകും.
