CHANGARAMKULAM
2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചു, നല്‍കിയത് 10,000; ഉടമയെ തേടി ചങ്ങരംകുളത്തെ പമ്പുടമയുടെ കാത്തിരിപ്പ്


ചങ്ങരംകുളം: പെട്രോള്‍ അടിച്ചതിന് 8,000 രൂപ അധികമായി നല്‍കിയ ആളെ തിരഞ്ഞ് പമ്പുടമ. 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചതിനാണ് പകരം 10,000 രൂപ നല്‍കിയത്. രണ്ട് മാസം മുമ്പ് ചങ്ങരംകുളം എംവി പെട്രോള്‍ പമ്പിലായിരുന്നു സംഭവം.
ഗൂഗിള്‍ പേ വഴിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. വിവരം അറിയാതെ വാഹനയുടമ യാത്രയാവുകയും ചെയ്തു. പിന്നീട് കണക്കുനോക്കിയപ്പോഴാണ് അധികമായി 8,000 രൂപ കണ്ടതെന്ന് പമ്പുടമ പറയുന്നു.
കമ്പനിക്ക് നേരിട്ടാണ് പണം അയക്കുന്നത് എന്നതിനാല്‍ അയച്ച ആളുടെ വിവരങ്ങള്‍ പമ്പില്‍ ലഭ്യമല്ലായിരുന്നു. കൂടുതല്‍ പണം നല്‍കിയത് മനസിലാക്കി വാഹനയുടമ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് അക്കൗണ്ട്‌സ് വിഭാഗം തുക മാറ്റിവെച്ചിരുന്നു.
എന്നാല്‍ രണ്ട് മാസമായിട്ടും ആരും എത്തിയിട്ടില്ല. പണം നഷ്ടപ്പെട്ടയാള്‍ വിവരങ്ങളുമായി എത്തിയാല്‍ ഉടന്‍ പണം തിരികെ നല്‍കുമെന്ന് പമ്പുടമ പറയുന്നു.
