ഓടുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ചു : എടപ്പാൾ സ്വദേശിക്ക് നാല് വർഷം കഠിന തടവ്

എടപ്പാൾ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും. മലപ്പുറം എടപ്പാൾ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ഡിസംബർ ആറിനായിരുന്നു പരാതിക്കിടയാക്കിയ ആക്രമണമുണ്ടായത്. പാലക്കാട് ഗുരുവായൂർ പാതയിൽ ഓടുന്ന ബസിൽ കണ്ടക്ടറായിരുന്ന എടപ്പാൾ സ്വദേശി ജബ്ബാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാനഹാനി വരുത്തി എന്നതാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
പ്രതിക്ക് നാല് വർഷം കഠിന തടവും അൻപതിനായിരം രൂപയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നൽകണം. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറിന്റേതാണ് വിധി. പട്ടാമ്പി എസ്.ഐ ആയിരുന്ന അബ്ദുൾ ഹക്കീമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.
